" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Friday, December 24, 2021

49. സ്വന്തം നിറക്കൂട്ട്

ഞാൻ കാണുമ്പോൾ ഇനി ഒന്നും ചെയ്യാനില്ലാത്ത തലത്തിലേക്ക് എത്തിയിരുന്നു അയാളുടെ പ്രായം. കൂടെ ഉണ്ടായിരുന്നവരും, കൂട്ടുണ്ടായിരുന്നവരും അരങ്ങൊഴിഞ്ഞതോടെ ജീവിതത്തിൽ തനിച്ചായ അവസ്ഥ. ജീവൻ്റെ പാതി പോയപ്പോഴാണ് അയാൾ ഇങ്ങനെ തീർത്തും ഒറ്റക്കായത്. കൂട്ടുകാരും പോയതോടെ കളിയും ചിരിയും ഉന്മേഷവും എല്ലാം പോയി...

ഒന്ന് സംസാരിക്കാൻ ഒരാളില്ലാത്തതിനാൽ സ്വന്തം ശബ്ദം തന്നെ അയാൾ മറന്നു തുടങ്ങിയിരുന്നു. അച്ചടിച്ച അക്ഷരങ്ങളെ തിരിച്ചറിയാൻ കണ്ണുകൾ കൂട്ടാക്കാതായപ്പോൾ പ്രിയപ്പെട്ട പുസ്തങ്ങളെ വായിച്ചറിയാനും വയ്യെന്നായി. വിറ പിടിച്ച കരങ്ങളാണെങ്കിൽ ഒന്നും എഴുതാൻ കൂട്ടാക്കുന്നില്ല.. വാർദ്ധക്യം വല്ലാത്തൊരു ശാപമായി അയാൾ അവിടെ അനുഭവിച്ചറിയുകയായിരുന്നു...

ഓർമ്മകളിലൂടെയുള്ള സഞ്ചാരമായിരുന്നു മിക്കപ്പോഴും ഒരു നേരം പോക്ക്, അതിൻ്റെ പ്രതിഫലനമെന്നപോലെ ചുളിവുകൾ വീണ കവിളിൽ ഇടക്കിടക്ക് ചിരി വിടരുന്നുണ്ടായിരുന്നു.. തൻ്റെ കഴിഞ്ഞ കാലത്തിന് ഓരോ നിറങ്ങളുണ്ടെന്ന് അയാൾ ആ നിമിഷങ്ങളിൽ തിരിച്ചറിഞ്ഞു.. നിറങ്ങൾ.. ജീവിത സഖിയുടെ ശേഷിപ്പുകളായി ഒരുപാട് നിറങ്ങളും, ബ്രഷുകളും ഉണ്ടെന്നത് ഓർമ്മ വന്നപ്പോൾ അയാൾ മെല്ലെ ആ മുറിയിലേക്ക് നടന്നു...

കാലങ്ങളായി അനക്കമില്ലതിരിക്കുന്ന ബ്രഷുകളും, നിറങ്ങളും, പൊടി പിടിച്ച കാൻവാസും... എല്ലാം പ്രിയതമയുടെ കര സ്പർശം ഏറ്റവയാണ്. അയാൾ ആ നിറങ്ങളിൽ ചിലത് പെയിന്റ് പാടിലേക്ക് പകർന്ന ശേഷം ഒരു ബ്രഷ് എടുത്ത് അതിനെ തമ്മിൽ ലയിപ്പിക്കുവാൻ തുടങ്ങി. അർത്ഥമുള്ള കാൻവാസിനെ നശിപ്പിക്കുവാൻ തോന്നിയില്ല! അതുകൊണ്ട് ചുറ്റുമുള്ള ചുവരുകളിൽ തോന്നിയതുപോലെയെല്ലാം അയാൾ വരച്ചു.. ഒരു ഭ്രാന്തനെ പോലെ...

ആ ഓരോ നിറക്കൂട്ടിലും അയാൾ അയാളുടെ ഇന്നലെകളെ കണ്ടു.. ബാല്യം.. കൗമാരം.. യൗവനം... വിദ്യാലയം.. കലാലയം.. പ്രണയം വിരഹം.. വിയോഗം.. വേദന.. അങ്ങനെ ഓരോന്നിനും ഉള്ളിലുള്ള നിറങ്ങളെന്നപോലെ അയാളത് ചുവരിലേക്ക് പകർത്തി. വിറയ്ക്കുന്ന കരങ്ങൾ ആ ചായങ്ങൾക്ക് ഒഴുക്കെന്ന ഭാവം പകർന്നു.. അത് കാണാനും അഭിപ്രായം പറയാനും ആരും ഇല്ലെന്നതുകൊണ്ട് അയാൾ അത് അയാൾക്കെന്നപോലെ ആസ്വദിക്കുന്നുമുണ്ടായിരുന്നു...

വരകളിൽ ഒരു വലിയ ഭാഗം കറുപ്പ് നിറത്തിലായിരുന്നു. ജീവിക്കാൻ മറന്നുപോയ നിമിഷങ്ങളെയും, പലപ്പോഴായി വേണ്ടെന്ന് വെച്ച ഇഷ്ടങ്ങളെയും ചേർത്ത് വരച്ചത് കറുപ്പാവുകയായിരുന്നു. ഒരു വലിയ വൃത്തത്തിൽ നിറഞ്ഞ കറുപ്പ് നിറം അതിൻ്റെ നടുവിൽ അയാൾ ഒരു വെളുത്ത കുത്തിട്ടു.. ആ കുത്ത് അയാളാണത്രെ... മനസ്സിനെ അയാൾ പൂർണ്ണമായും ചായങ്ങളിലൂടെ ചുവരിലേക്ക് പകർത്തുകയായിരുന്നു... പറയാനും കേൾക്കാനും ഒരാളിന്നെ അവസ്ഥയിൽ അയാൾക്ക് മനസ്സ് തുറക്കുവാൻ വേറെ വഴിയില്ലായിരുന്നു...

അതിനിടയിൽ ക്ഷീണം അറിയിച്ച ശരീരം മെല്ലെ ഇരുന്നു. വരച്ച വരകൾക്ക് മുന്നിൽ കണ്ണെടുക്കാതെ അയാൾ അതിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.. അപ്പോഴും കൈയ്യിലുള്ള ബ്രഷിൽ നിന്നും ചായം ഇറ്റുന്നുണ്ടായിരുന്നു. ആ ഇരുപ്പിൽ അയാൾ അറിയാതെ അയാളൊരു യാത്രക്ക് ഒരുങ്ങുകയായിരുന്നു.. അടുത്ത നിമിഷങ്ങളിൽ കൈയ്യും കാലും തളർന്നു .. കണ്ണുകളിലേക്ക് ഇരുട്ട് പടരുന്നു.. ശ്വസന വേഗത മാറി.. ഹൃദയ താളവും മാറി തുടങ്ങി..

ആരൊക്കെയോ ചേർന്ന് അയാളെ നിറങ്ങളിൽ കുളിപ്പിക്കുന്നത് പോലെ അയാൾക്ക് തോന്നി. അതിൽ ആനന്ദം അറിഞ്ഞതിനാൽ ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ചിരി പേറിയ ആ മുഖ ഭാവത്തോടെ എല്ലാം എന്നെന്നേക്കുമായി നിശ്ചലമായി......

അങ്ങനെ ഭൂതക്കണ്ണാടിയിലൂടെ സ്വന്തം ഭാവി കണ്ടറിഞ്ഞ ഞാൻ ഇന്നലെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.. വേഗം പോയി കുറേ വെള്ളം കുടിച്ചു. പിന്നെ സമയം കളയാതെ ജീവിതത്തിലെ ശേഷിക്കുന്ന നിറങ്ങളെ തിരയുവാൻ തുടങ്ങി... ഇനി ഒന്നും നാളത്തേക്ക് വെക്കാതെ എല്ലാം അറിയാനും ആസ്വദിക്കാനും വേണ്ടി.

Wednesday, December 30, 2020

48. അയാളും ഞാനും

ഒരു ഗാഢനിദ്രയിൽ നിന്നുമെന്ന പോലെ കണ്ണുകൾ തുറക്കുമ്പോൾ 'ബീപ്' ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന എന്തൊക്കെയോ മെഷീനുകളായിരുന്നു ചുറ്റും. ആകെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് കിടക്കുന്നത് ഐസിയുവിൽ ആണെന്ന ബോധം വന്നത്. ആ നേരത്ത് എന്നിൽ ഒരു അനക്കം കണ്ടു കൊണ്ടാകാം ഒരു സിസ്റ്റർ എൻ്റെ അരികിൽ വന്ന് ചോദിച്ചു...


"ഉണർന്നോ… വേദനയുണ്ടോ?.."


"ഇല്ല.." (ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു..)


"നല്ല വേദന ഉണ്ടെങ്കിൽ പറയണം.. ഒരു ഇൻജെക്ഷൻ തരാം.."


"ഉം………….. സിസ്റ്ററെ സമയം എത്രയായി?.."


"10:50.."


"രാത്രിയോ പകലോ?.."


" പകൽ........ഒന്നും ഓർമ്മയില്ല അല്ലേ?"


"ഉം.."


വേദന ഉണ്ടെങ്കിൽ പറയണമെന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് സിസ്റ്റർ എൻ്റെ അരികിൽ നിന്നും പോയി. കഴിഞ്ഞ ദിവസം ഡോക്ടർ ശരീരം കീറി മുറിച്ചതിന്‍റെ വേദന ഒരു രാത്രി പിന്നിട്ടപ്പോഴാണ് ഞാൻ അറിഞ്ഞു തുടങ്ങിയത്. സ്ഥിരമായി അനുഭവിച്ചിരുന്ന ഒരു വേദനയിൽ നിന്നും മറ്റൊരു വേദനയിലേക്ക് ഒരു മാറ്റം കിട്ടിയതു പോലെയായിരുന്നു എനിക്കപ്പോൾ. ആ വേദനക്കൊപ്പം ശരീരം അനക്കാതെയുള്ള കിടപ്പും കൂടി ആയപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവിക്കേണ്ടി വന്നു...


കാലം കുറേയായി ഞാനിങ്ങനെ അടങ്ങി ഒതുങ്ങി കിടന്നിട്ട്. അസുഖങ്ങൾ ഓരോന്നായി ജീവിതത്തിലേക്ക് കടന്നു വരുന്നതിന്‍റെ തുടക്കമാകുമോ ഇത്? എന്ന ചിന്ത എന്നെ അപ്പോൾ അലട്ടിയിരുന്നു. 'ബീപ്' എന്ന ശബ്ദം മാത്രം കേട്ടു കൊണ്ടുള്ള ആ കിടപ്പിൽ ചിന്തകൾ താനേ കാട് കയറുകയായിരുന്നു. എന്തായാലും സ്വന്തം ശരീരം റിപ്പെയർ ആയതായി അവിടെ കിടന്നു കൊണ്ട് ഞാൻ സ്വയം പ്രഖ്യാപിച്ചു...


മലർന്നു കിടന്ന് ഉറങ്ങി ശീലമില്ല അതുകൊണ്ട് ആ കിടപ്പിൽ ഉറക്കവും വരുന്നില്ലായിരുന്നു. പൾസ് നോക്കുന്നതു പോലെയാണ് ഓരോ നിമിഷവും എണ്ണിയെണ്ണി തള്ളി നീക്കിയത്. വൈകുന്നേരം ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഐസിയുവിൽ നിന്നും മോചനം കിട്ടി. വലിയൊരു ആശ്വാസം ആയിരുന്നു അത്. റൂമിലേക്ക്‌ ചെല്ലുമ്പോൾ അവിടെ ബന്ധുമിത്രാദികളുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു. ഒന്ന് കാണാൻ എന്ന പോലെ അവരെല്ലാം എൻ്റെ അരികിലേക്ക് വന്നു.. കുഴപ്പം ഒന്നും ഇല്ലെന്ന ഭാവത്തിൽ ഞാൻ എല്ലാവർക്കും ഒരു പുഞ്ചിരി കൊടുത്തു…


വിഷാദ ഭാവം പേറിയ ആ ബന്ധു മുഖങ്ങളിലേക്കും, രോഗങ്ങളെയും രോഗികളെയും കണ്ടു മടുത്ത ആശുപത്രി ചുവരുകളിലേക്കും, മുകളിൽ ഇരുന്ന് എല്ലാം കാണുന്ന ഫാനിലേക്കും വീണ്ടും വീണ്ടും നോക്കാൻ മടിച്ച് പിന്നെ അധിക സമയവും കണ്ണടച്ചു കിടന്നു. ആ കിടപ്പ് പലപ്പോഴും എന്നെ ഉറക്കത്തിലേക്ക് കൊണ്ടു പോയിരുന്നു. ആരൊക്കെ അവിടെ വന്നു പോയി എന്നൊന്നും അറിയാത്ത ഒരു മയക്കത്തിലേക്ക്. സമയം കളയാൻ മറ്റൊരു വഴിയും ഇല്ലായിരുന്നു എന്നതും എന്നിലെ ആ മയക്കത്തിന് ഒരു കാരണമാവുകയായിരുന്നു...


മരുന്നുമായി മാലാഖമാർ വന്ന് തട്ടി വിളിക്കുമ്പോഴാണ് മിക്കപ്പോഴും ഞാനാ ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നത്. പിന്നെ അവരോട് പേരും, നാടും, വീടും ചോദിച്ച് കുറച്ചു സമയം കളയും. അതിനിടെ വിദേശത്തു നിന്നും ഒരു സുഹൃത്തിൻ്റെ വിളി വന്നു. ഫോൺ എടുത്തപ്പോൾ അവൾ എന്നോട് ഒറ്റ ചോദ്യമായിരുന്നു… “ഡാ...നിനക്ക് ഐസിയുവില്‍ കിടന്നപ്പോള്‍ ശരിക്കും മാലാഖമാരെ കാണാന്‍ പറ്റീലെ?..” എന്ന്. ആദ്യം "ശവത്തിൽ കുത്തല്ലേടീ.." എന്ന് പറഞ്ഞുവെങ്കിലും ഞാനത് സമ്മതിക്കും വരെ അവൾ അത് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഞാനത് സമ്മതിച്ചു കൊടുത്തു. കാരണം നിക്ഷേധിക്കാൻ കഴിയാത്ത വിധം എനിക്കത് ഒരു അനുഭവമായി മാറി കഴിഞ്ഞിരുന്നു...


എന്‍റെ നല്ലൊരു സുഹൃത്ത് ആയതുകൊണ്ടും അവള്‍ ഒരു നേഴ്സ് ആയതുകൊണ്ടും മാത്രമാണ് പലപ്പോഴും ഞാന്‍ ഒരു കളിയാക്കല്‍ എന്ന പോലെ അവളെ “എടി മാലാഖെ..” എന്ന് വിളിച്ചിരുന്നത്. അപ്പോഴെല്ലാം “പോടാ..” എന്നല്ലാതെ ഒരു രീതിയിലും തര്‍ക്കിക്കാനോ തിരുത്താനോ അവള്‍ വന്നിട്ടില്ല. ഇന്നിപ്പോൾ ഒരു അവസരം കിട്ടിയപ്പോൾ അവൾ തിരിച്ചടിച്ചു. സുഖ വിവരങ്ങൾ തിരക്കി, റെസ്റ്റ് എടുക്കൂ.. ഞാൻ പിന്നെ വിളിക്കാം എന്നു പറഞ്ഞ് അവൾ വെക്കുമ്പോൾ ആ ഫോൺ എന്റെത് തന്നെ അല്ലേ എന്നൊരു സംശയത്തോടെ ഞാൻ അതിനെ ശ്രദ്ധിച്ചു നോക്കി. മുമ്പ് ഇത്രക്ക് വലുപ്പം ഇല്ലായിരുന്നുവല്ലോ എന്നൊരു സംശയമായിരുന്നു അപ്പോൾ... കുറച്ചു ദിവസം തൊടാതിരുന്നത് കൊണ്ടാകാം...


ആശുപത്രികള്‍ക്ക് ഒരു മണമുണ്ട്. എന്തിന്‍റെ എന്ന് ചോദിച്ചാല്‍ അതെനിക്ക് ഇപ്പോഴും കൃത്യമായി പറയാനാവുന്നില്ല. ഫിനോയിലിന്‍റെ... സ്പിരിറ്റിന്‍റെ... മരുന്നുകളുടെ... അതുമല്ലെങ്കില്‍ ഇതെല്ലാം കൂടി ചേര്‍ന്ന ഒരു മണം. ആ മണം എനിക്ക് ചുറ്റും അപ്പോൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അതങ്ങനെ ഒരു രൂക്ഷഗന്ധം പോലെ എന്നെ അസ്വസ്ഥനാക്കിയ നിമിഷങ്ങളില്‍ ഇത് രോഗങ്ങളുടെ മണമാണോ എന്നൊരു ചിന്ത എന്നിലൂടെ കടന്നുപോയി. രോഗങ്ങള്‍ക്ക് മണമുണ്ടോ?.. ഉണ്ടെങ്കിൽ രോഗിക്കും അതേ മണമായിരിക്കും. അതെ എന്‍റെ ശരീരത്തിനും ഇപ്പോൾ ആ മണമാണ്.... ആ കിടപ്പിൽ കിടന്നു കൊണ്ടുള്ള ചിന്തകളെല്ലാം കൂടി ചേർത്താൽ ഒരു പുസ്തകം ആക്കാവുന്നത്രയും കാണുമായിരിക്കും. വേണ്ടതും വേണ്ടാത്തതുമായ ചിന്തകൾ അങ്ങനെ എന്നിൽ കുമിഞ്ഞു കൂടുകയായിരുന്നു…


നൈറ്റ് ഡ്യൂട്ടിയെന്ന  സമയം കഴിഞ്ഞുവെന്ന് അറിയിക്കും പോലെ ഡേ ഡ്യൂട്ടിക്ക് എത്തിയ മാലാഖ നല്ലൊരു ചിരിയുമായി റൂമിലേക്ക് കയറിവന്നു. രാത്രി കുത്താൻ വന്ന മാലാഖ അല്ലെന്നെ ഉള്ളു കയ്യിലെ ആയുധങ്ങൾ അതൊക്കെ തന്നെ. വലിയ സിറിഞ്ചു കൊണ്ട് മരുന്ന് വലിച്ചെടുക്കുന്നത് കണ്ടപ്പോൾ ഒരു സംശയം പോലെ ഞാൻ ചോദിച്ചു…


"സിസ്റ്ററെ ഇത് ഇങ്ങനെ കുറേ ആയാലോ കുത്തി കയറ്റുന്നു… ഇതിന് ഒരു അവസാനം ഇല്ലേ?"


ശബ്ദം ഇല്ലാത്ത ചിരിയോടെയായിരുന്നു മാലാഖയുടെ മറുപടി…


"ഡോക്ടർ പറഞ്ഞാലേ നിർത്താൻ പറ്റൂ... ഇത് ആന്റിബയോട്ടിക്കാണ്… മുറിവ് വേഗം ഉണങ്ങാൻ.."


അത് പറഞ്ഞു തീരും മുമ്പേ മാലാഖ എന്‍റെ ശരീരത്തിലേക്ക് ആ മരുന്ന് കുത്തിക്കയറ്റിയിരുന്നു. കൈത്തണ്ടയിലൂടെ ആ ഒരു തണുത്ത ദ്രാവകം എന്നിലേക്ക് പ്രവഹിക്കുന്നത് ഞാനപ്പോൾ ഒരിക്കൽക്കൂടി അറിഞ്ഞു. കുത്തലും തിരുമ്മലും കഴിഞ്ഞു പോകാൻ ഒരുങ്ങുമ്പോൾ ഞാൻ ചോദിച്ചു...


"സിസ്റ്ററെ എൻ്റെ കൈയിലെ ഏതെങ്കിലും ഒരു തുമ്പിയെ ഒന്ന് ഒഴിവാക്കിത്തരാമോ?... എന്തിനാ ഇങ്ങനെ ഇത് രണ്ടു കൈയിലും? ഒന്ന് പോരെ… പ്ലീസ്.."


"തുമ്പിയോ.."


"ആ…"


കൈപ്പത്തിയിൽ കുത്തിവെച്ച് സ്റ്റിക്കർ ഒട്ടിച്ചേക്കുന്ന സൂചിയാണ് ഉദ്ദേശിച്ചത് എന്ന മട്ടിൽ അത് നീട്ടി കാണിച്ചുകൊണ്ട് ഞാൻ തുടർന്നു...


"കുറച്ച് മുന്നേ അപ്പുറത്തെ മുറിയിൽ നിന്നും ഒരു കൊച്ചു കുട്ടി എന്‍റെ അടുത്തേക്ക് വന്നിരുന്നു… അവൾ ഇത് ചൂണ്ടി കാണിച്ചിട്ട് പറഞ്ഞത് "റ്റുംമ്പി" എന്നാണ്… അവിടെ അവളുടെ ഉമ്മച്ചിയുടെ കൈയിലും ഉണ്ടത്രേ റ്റുംമ്പി… ഞാനപ്പോൾ എന്‍റെ രണ്ടു കൈയിലും ഉണ്ടെന്ന് അവൾക്ക് കാണിച്ചു കൊടുത്തു… അത് കണ്ടപ്പോ അവൾ ചോദിക്കാ എന്തിനാ രണ്ടെണ്ണം അവളുടെ ഉമ്മാക്ക് ഒന്നേ ഉള്ളൂന്ന്… അത് കേട്ടപ്പോഴാണ് ഞാനും ആലോചിച്ചത് ശരിയാണല്ലോ എന്തിനാ ഇങ്ങനെ രണ്ടെണ്ണം മരുന്ന് കുത്തി വെക്കാനാണെങ്കിൽ ഒന്ന് പോരെ? ന്ന്..."


"അത് സർജറി സമയത്ത് ഡോക്ടർ പറഞ്ഞിട്ടാ… എന്തായാലും ഇന്ന് ഡോക്ടർ വരുമ്പോൾ ചോദിച്ചിട്ട് റിമൂവ് ചെയ്യാം.."


"ഓക്കേ... താങ്ക്സ്.."


ഒരു പുഞ്ചിരി തന്നു കൊണ്ട് സിസ്റ്റർ പോയി. അയ്യോ.. പേര് ചോദിക്കാൻ മറന്നുവെന്ന് സിസ്റ്റർ പോയി കഴിഞ്ഞപ്പോഴാണ് ഞാൻ ഓർത്തത്…


അരികിൽ ആളും അനക്കവും ഒഴിഞ്ഞപ്പോൾ ബെഡ് അൽപ്പം ഉയർത്തി അരികിലുള്ള ജനലിലൂടെയുള്ള പുറം കാഴ്ച്ചകൾ കണ്ട് കിടന്നു. അതും ആ കിടപ്പിൽ കിടന്നു കൊണ്ട് ഒരു പരിധിക്ക് അപ്പുറത്തേക്ക് ഒന്നും കാണാനും കഴിയില്ലായിരുന്നു. എങ്കിലും കാണാവുന്ന കാഴ്ച്ചകൾക്കും അപ്പുറത്തെ ഓരോന്നും ഊഹിച്ചു കാണാൻ ശ്രമിച്ചു. കാഴ്ച്ചകൾ മടുക്കുമ്പോൾ അതേ കിടപ്പിൽ കിടന്നു മയങ്ങി. മരുന്നിന്‍റെ വീര്യം കൊണ്ടുള്ള ഒരു ക്ഷീണവും ഉണ്ടായിരുന്നു അപ്പോൾ...


അടുത്ത് എവിടെയോ ഒരു അമ്പലമോ ഹോട്ടലോ ഉണ്ട്. അവിടെ നിന്നും അതിരാവിലെ ഭക്തിഗാനങ്ങൾ കേട്ടു കൊണ്ടാണ് ഉറക്കം ഉണർന്നത്. ആശുപത്രി പരിസരം ആയതുകൊണ്ട് അതൊരു ഹോട്ടലിൽ നിന്നും ആവാനാണ് കൂടുതൽ സാധ്യതയെന്ന് തോന്നി. ജനലിലൂടെ താഴെ ഒരു ബസ്സ്‌സ്റ്റോപ്പ്‌ കാണാം. അതിനോട് ചേർന്ന് ഒരു ഓട്ടോസ്റ്റാൻഡും. അടുത്തുള്ള ഏതോ സ്കൂളിലേക്ക് കുട്ടികൾ നടന്നും സൈക്കിളിലും ആ വഴിക്ക് പോകുന്നുണ്ടായിരുന്നു. പണ്ട് നീലയും വെള്ളയും അല്ലെങ്കിൽ പച്ചയും വെള്ളയും അതായിരുന്നു സ്കൂൾ കുട്ടികളുടെ യൂണിഫോം എന്നാൽ ഇന്ന് അത് എത്രയെത്ര നിറങ്ങളിലേക്ക് മാറിയിരിക്കുന്നു...


"ഇത് ഇന്നുണ്ടായ ഒരു മാറ്റമല്ല മിസ്റ്റർ.. താങ്കളിത് ഇപ്പോഴാണ് ശ്രദ്ധിച്ചത് എന്നതാണ് ശരി."


എന്ന് ഞാനപ്പോൾ എന്നോട് മാന്യമായ രീതിയിൽ പറഞ്ഞു തിരുത്തി...


പിന്നെ അതുവഴി സ്വന്തം വണ്ടിയിൽ പോകുന്ന ജോലിക്കാർ. ബസ്സ്‌ കാത്തു നിൽക്കുന്നവർ, നേരം വൈകിയെന്ന പേരിൽ ബസ്സ്‌സ്റ്റോപ്പിലേക്ക് ഓടിക്കിതച്ചെത്തുന്ന ചേച്ചിമാർ, വന്നു പോകുന്ന ബസ്സുകൾ, ക്യൂ പാലിക്കുന്ന ഓട്ടോകൾ, ഓട്ടോ ഓടിക്കുന്ന പല പ്രായത്തിലുള്ളവർ, ആ ഓരോ ഓട്ടോകളുടെയും പേരുകൾ, അതിൽ 'കൂളിവാക' എന്ന് പേരുള്ള ഒരു സുന്ദരി ഓട്ടോ... 


അങ്ങനെ കാണാൻ കാഴ്ച്ചകൾ ആ ഒറ്റ ഫ്രെയ്മിൽ തന്നെ ധാരാളം ഉണ്ടായിരുന്നു. ചുറ്റുമുള്ള പലതും നമ്മൾ ശ്രദ്ധിക്കാറില്ല! കാണേണ്ട പോലെ കാണാറുമില്ല! കാരണം ആർക്കും ഒട്ടും സമയമില്ല. ഇവിടെ ഇങ്ങനെ കിടക്കുന്നത് വരെ എനിക്കും ഉണ്ടായിരുന്നില്ല ഒന്നിനും സമയം. എന്നൊക്കെ ഞാനപ്പോൾ തിരിച്ചറിയുകയായിരുന്നു...


ആ ജാലക കാഴ്ച്ചയിൽ ചലിക്കുന്നതെല്ലാം ചലിച്ചു കൊണ്ടിരുന്നു. സൂര്യ സഞ്ചാരം അനുസരിച്ച് നിഴലുകളെല്ലാം നീങ്ങി കൊണ്ടിരുന്നു. അങ്ങനെ രണ്ട് ദിവസം അവിടെ കിടന്നു കണ്ട കാഴ്ച്ചകളിൽ എന്നും ഒരേപോലെ ആവർത്തിക്കുന്നതായി പലതും ഉണ്ടായിരുന്നു. അതിൽ ഒന്നാണ് ബസ്സ്‌സ്റ്റോപ്പിനരികിൽ കണ്ട ആ തെരുവ് കച്ചവടക്കാരൻ...


എന്നും രാവിലെ ഒരു ഒൻപത് മണിയാകുമ്പോൾ കുറേ പേരക്ക കൂട‌യുമായി അയാൾ അവിടെ ഒരു വണ്ടിയിൽ വന്നിറങ്ങും, എന്നിട്ട് ആ ബസ്സ്‌സ്റ്റോപ്പിന്‍റെ ഒരു വശത്ത് രണ്ടു പെട്ടികൾ വെച്ച് അതിനു മുകളിൽ വില്പനക്കായി എന്നപോലെ കൂടയിൽ നിന്നും ഓരോ പേരക്കയും എടുത്ത് തുടച്ച് ഭംഗിയായി അടക്കിവെക്കും. രാവിലെ തിരക്കിട്ടു പോകുന്ന തിരക്കുള്ളവരെ കണ്ടു കഴിഞ്ഞാൽ പിന്നെ അയാൾ മാത്രമായിരുന്നു ആ ഫ്രെയ്മിൽ എനിക്കൊരു നേരം പോക്കായി ഉണ്ടായിരുന്നത്…


തമിഴ്നാട്ടുക്കാരൻ ആണെന്ന് തോന്നുന്നു അയാൾ, ചെയ്യുന്ന തൊഴിൽ ഇങ്ങനെ ഭംഗിയായി ചെയ്യുന്ന കാഴ്ച്ച ഇന്നത്തെ കാലത്ത് വളരെ അപൂർവ്വം ചിലരിൽ മാത്രമേ കാണാനാവൂ എന്നതുകൊണ്ട് എനിക്ക് ആ കച്ചവടക്കാരനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി. ഡിസ്ചാർജ്ജായി ഇറങ്ങുമ്പോൾ അയാളിൽ നിന്നും കുറച്ച് പേരക്ക വാങ്ങണമെന്ന് ഞാൻ അപ്പോഴേ മനസ്സിൽ കുറിച്ചിട്ടു…


അവിടെ അയാൾ എടുത്തു വെക്കുന്ന ഓരോ പേരക്കയുടെയും മണം ആ ജാലകം വഴി പലപ്പോഴും എന്നിലേക്ക്‌ എത്തുന്നതായി എനിക്ക് തോന്നിയിരുന്നു. അതെന്‍റെ ഒരു തോന്നൽ മാത്രമായിരുന്നോ എന്നറിയില്ല. വീട്ടിൽ നാലോ അഞ്ചോ പേരയുണ്ട്, അച്ഛന് പേരക്ക വലിയ ഇഷ്ടമായിരുന്നു. അച്ഛനിലൂടെയാണ് ആ ഇഷ്ടം എന്നിലേക്ക് വന്നത്. ചിന്തിച്ചത് വീട്ടിലെ പേരക്കയെ കുറിച്ചാണെങ്കിലും ഒരു നിമിഷം അച്ഛനെന്ന ഓർമ്മകൾ വന്ന് എന്‍റെ കണ്ണുനിറച്ചു. അച്ഛൻ പോയത് നന്നായി ഇല്ലെങ്കിൽ എന്‍റെ ഈ കിടപ്പ് അച്ഛന് സഹിക്കാനായെന്നു വരില്ല! എന്ന് ഓർത്തപ്പോൾ സ്വയം ഒരു സമാധാനം കണ്ടെത്തിയ അവസ്ഥയിൽ കണ്ണുകൾ തുടച്ചു...


ആ കിടപ്പിൽ കിടന്നുള്ള നിരീക്ഷണത്തിലൂടെ ഒരു കിലോ പേരക്ക എത്രയെണ്ണം ഉണ്ടാകും എന്നൊക്കെ ഞാൻ ഏറെക്കുറെ മനസ്സിലാക്കി. പിന്നെ വാങ്ങാൻ വരുന്നവരുടെ ഓരോരോ ഇഷ്ടങ്ങൾ, പച്ചയും പഴുത്തതും എന്ന് ആവശ്യം പറയുന്നവർ, മുറിച്ചു കാണിച്ചും, ഒരു കഷ്ണം കഴിക്കാൻ കൊടുത്തും വാങ്ങാൻ വന്നവരുടെ സംശയങ്ങൾ തീർക്കുന്ന കച്ചവട ശൈലി, ചിലർക്ക് ഒന്നോ രണ്ടോ എണ്ണം കൂടുതൽ കൊടുക്കുന്ന കച്ചവടക്കാരന്‍റെ ഇഷ്ടം, വില ചോദിച്ച് വാങ്ങാതെ പോകുന്നവർ. വാങ്ങിയ പാടെ അതിൽ നിന്നും ഒരെണ്ണം കഴിച്ചു കൊതി അടക്കുന്നവർ, ഭാര്യയുടെ ഇഷ്ടം വാങ്ങി കൊടുക്കുന്ന ഭർത്താവ്, എടുത്ത് മണത്ത് തിരിച്ചും മറിച്ചും നോക്കി "വേണ്ട" എന്നു പറഞ്ഞ് മടങ്ങി പോയവർ, വാങ്ങാൻ വന്നവർ വില പേശുമ്പോൾ കച്ചവടക്കാരന്‍റെ  മുഖത്തെ ദയനീയ ഭാവം, എല്ലാം വിറ്റു തീരുമ്പോൾ ആ മുഖത്തെ സന്തോഷം... അങ്ങനെ ഒരു പകലിന്‍റെ  കാഴ്ച്ചകളിൽ അധികവും അങ്ങനെ ഒരാളിൽ തന്നെ എന്ന കണക്കിന് ദിവസങ്ങൾ ഓരോന്നായി നീങ്ങി...


അയാൾ അറിയുന്നില്ലല്ലോ ഇങ്ങനെ ഒരാൾ ഇവിടെ കിടന്ന് അയാളെ നിരീക്ഷിക്കുന്നുണ്ടെന്ന്. ആ ചിന്തയിൽ അതെനിക്ക് പലപ്പോഴും വളരെ രസകരമായി തോന്നി. ആ നിരീക്ഷണത്തിനിടയിൽ ഇടക്കിടക്ക് മാലാഖമാർ വരുന്നതും മരുന്ന് കുത്തി കേറ്റുന്നതും പോകുന്നതും പലപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല..


അതേ കിടപ്പിൽ നാലാമത്തെ ദിവസം. രാവിലെ സമയം പതിനൊന്ന് മണിയായിട്ടും പേരക്കയുമായി അയാൾ എത്തിയില്ല. അയാൾക്ക് എന്തുപറ്റിക്കാണും എന്നോർത്ത് ആ ഓരോ നിമിഷവും എന്‍റെ ചിന്തകൾ കാടു കയറുകയായിരുന്നു. വല്ലാത്ത ഒരു ശൂന്യതയായിരുന്നു അന്നത്തെ ദിവസം. ഒന്നുരണ്ടു ദിവസത്തെ കണ്ടു പരിചയം മാത്രമുള്ളവർ നമ്മളെ ഇങ്ങനെ ഇത്രയേറെ സ്വാധീനിക്കുമോ? എന്നതിൽ അതിശയം തോന്നിച്ചു...


വർഷങ്ങളുടെ പരിചയം ഉള്ളവർ തമ്മിൽ കാണുമ്പോൾ 'അറിയാം, കണ്ടിട്ടുണ്ട്, ചെറിയ പരിചയമുണ്ട്..' എന്നൊക്കെ പറയുന്നതും വിചിത്രം തന്നെയാണ്. അങ്ങനെ ഒന്ന് സ്വന്തം അനുഭവത്തിൽ ഉണ്ടെന്നതും ഞാനപ്പോൾ ഓർത്തുപോയി. നിശ്ചലാവസ്ഥയിൽ കിടക്കുമ്പോൾ ചെയ്യാവുന്ന ഏക കാര്യം ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടൽ മാത്രമാണല്ലോ അതുകൊണ്ട് അന്നത്തെ ദിവസം എന്നിൽ അതുമാത്രമായിരുന്നു. മരുന്നുമായി വന്ന മാലാഖമാരും തിരക്കി "ഇന്നെന്തു പറ്റി?" യെന്ന്... "ഹേയ്.. ഒന്നുമില്ല.." എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞിട്ടും അവരത് വിശ്വസിക്കുന്നില്ലായിരുന്നു...


എന്നും അതിരാവിലെ ഉണർന്നു കഴിഞ്ഞാൽ മുറിയിലെ ജാലകങ്ങൾ തുറന്ന് കുറച്ചു നേരം ശുദ്ധവായു ശ്വസിക്കുന്ന ശീലം പണ്ട് മുതലേ ഉള്ളതാണ് എന്നാൽ ഇപ്പോൾ അതിനും മറ്റൊരാളുടെ സഹായം വേണമെന്ന അവസ്ഥയായി. സ്വന്തം കാര്യങ്ങൾ സ്വയമെന്ന് ശീലിച്ചവർക്ക് മറ്റൊരാളുടെ സഹായം വേണ്ടി വരുന്ന അവസ്ഥ അത്ര സുഖമുള്ള കാര്യമല്ല! എന്നതും സ്വയം അനുഭവിച്ച് അറിയുകയായിരുന്നു ഞാൻ. ശരീരമാണെങ്കിൽ ആ കിടപ്പിൽ നിന്നും എഴുന്നേൽക്കണം, നടക്കണം എന്നൊക്കെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു...


രാവിലെ ഡോക്ടർ വന്നപ്പോൾ "ഇനി മെല്ലെ എഴുന്നേറ്റു നടക്കാൻ കുഴപ്പമില്ല" എന്ന് പറഞ്ഞാ പോയത്. അതിനുള്ള ശ്രമം എന്ന പോലെ ഞാൻ മെല്ലെ ഒന്ന് എഴുന്നേറ്റു. പയ്യെ നടക്കാൻ ശ്രമിക്കുമ്പോഴും ലക്ഷ്യം ആ ജാലകം തന്നെയായിരുന്നു. മെല്ലെ നടന്ന് അവിടെ ആ കമ്പികളിൽ പിടിച്ചു നിന്നു. അതുവരെ കിടന്നു കണ്ടതിന്‍റെ  ബാക്കി എന്തെല്ലാമെന്ന് അവിടെ നോക്കി കാണുകയായിരുന്നു ഞാൻ. ഞങ്ങനെ നിൽകുമ്പോഴാണ് പേരക്കയുമായി അയാൾ വന്നത്...


എനിക്ക് വളരെ സന്തോഷം പകർന്ന കാഴ്ചയായിരുന്നു അത്. അയാളോട് 'ഇന്നലെ എവിടെയായിരുന്നു?' എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്കപ്പോൾ.. പക്ഷെ അപ്പോൾ ഞങ്ങൾ തമ്മിലുള്ള ദൂരം അതിനെന്നെ സമ്മതിച്ചില്ല. എന്തായാലും അയാൾ വീണ്ടും വന്നതിലും, വീണ്ടും കാണാൻ കഴിഞ്ഞതിലും എനിക്കപ്പോൾ ഏറെ സന്തോഷം തോന്നി. പ്രിയമുള്ള ഒരാളെ വീണ്ടും കാണാൻ കഴിയുമ്പോഴുള്ള അതേ സന്തോഷം...


അങ്ങനെ പിന്നെയും  ദിവസങ്ങൾ നീങ്ങി. വീട്ടിൽ പോകാം എന്ന് ഡോക്ടർ പറഞ്ഞ ആ ദിവസമായി. അന്ന് രാവിലെ മുതൽ എല്ലാവരോടും യാത്ര പറയാൻ മനസ്സാ ഒരുങ്ങുകയായിരുന്നു ഞാൻ. വേദന മാറ്റിയ ഡോക്ടർ എന്ന ദൈവത്തോടും, കുറവുകൾ ഇല്ലാതെ ശുശ്രൂഷിച്ച മാലാഖമാരോടും, സംരക്ഷണം പകർന്ന ചുവരുകളോടും, എന്നെ താങ്ങിയ കട്ടിലിനോട് വരെ പറയാൻ ഒരുങ്ങി. എന്നാൽ അയാളോട് മാത്രം അങ്ങനെ പറയാൻ എനിക്ക് തോന്നുന്നില്ലായിരുന്നു...


നല്ല ആളുകളെ ഞാനെന്നും എൻ്റെ ഹൃദയത്തോട് ചേർത്ത് നിർത്താറുണ്ട്. നിഷ്കളങ്കനായ ആ പാവം മനുഷ്യനേയും ഒരിക്കലും മറക്കാത്ത വിധം അതുപോലെ മനസ്സിൽ സൂക്ഷിക്കണം! എന്നതുകൊണ്ട് അയാളോട് ഒരു യാത്ര പറയൽ വേണ്ടെന്ന് വെച്ചു. അല്ലെങ്കിലും അയാൾക്ക്‌ എന്നെ അറിയില്ലല്ലോ. ഇന്ന് പേരക്ക വാങ്ങുമ്പോൾ അയാൾ പറയുന്ന വിലയെക്കാളും കൂടുതൽ പണം കൊടുക്കണം എന്ന് മനസ്സ് പറഞ്ഞു. പക്ഷെ അത് അയാൾ വാങ്ങില്ലെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു. അതാണ്‌ അയാൾ...


ഡ്യൂട്ടി കഴിഞ്ഞു പോകുന്ന മാലാഖമാർ ഓരോരുത്തരും വന്ന് യാത്ര പറഞ്ഞു. വീട്ടിൽ പോകുന്നതിൻ്റെ സന്തോഷം മുഖത്ത് കാണാനുണ്ടെന്നത് പറഞ്ഞത് അവരാണ്. അവരോടുള്ള നന്ദിയും സ്നേഹവും ഞാനപ്പോൾ അവരെ നേരിട്ട് അറിയിച്ചു, യാത്ര പറഞ്ഞു. പോകാൻ മനസ്സ് ഒരുങ്ങിയതു മുതൽ അവിടെ സമയം പോകാൻ ഒരുപാട് സമയമെടുക്കുന്ന പോലെയായിരുന്നു. എന്നാൽ ശേഷിക്കുന്ന സമയവും ആ പേരക്കയിലേക്ക് നോക്കി നിൽക്കാം എന്ന തോന്നലിൽ മെല്ലെ ആ ജനൽ കമ്പികളിൽ പിടിച്ചു നിന്നു. ഇവിടെ നിന്നും ഇറങ്ങുമ്പോഴേക്കും പേരക്കയെല്ലാം തീരുമോ?, അയാൾ പോകുമോ? എന്നൊക്കെയുള്ള ആശങ്കയായിരുന്നു എന്നിലപ്പോൾ...


അങ്ങനെ ഞാനവിടെ നിൽക്കുമ്പോഴാണ് ഒരു തടിച്ച സ്ത്രീ അയാളുടെ അരികിലേക്ക് വന്നത്. ഗമയും, പത്രാസ്സും, അതിലേറെ അഹങ്കാരവും അറിയിക്കുന്ന ഭാവങ്ങളായിരുന്ന ആ സ്ത്രീയിൽ ഞാൻ കണ്ടത്. അവരുടെ വേഷവിധാനങ്ങളെല്ലാം പറയുന്നുണ്ടായിരുന്നു അവർ നല്ല സാമ്പത്തികം ഉള്ള കൂട്ടത്തിൽ തന്നെയെന്ന്. എന്നിട്ടും ആ സ്ത്രീ വിലയുടെ കാര്യത്തിൽ അയാളോട് തർക്കിക്കുന്നത് പോലെ കണ്ടു...


ഏറെ നീണ്ട സംസാരത്തിനൊടുവിൽ ആ സ്ത്രീ ചൂണ്ടി കാണിക്കുന്ന ഓരോ പേരക്കയും എടുക്കാൻ അയാൾ പാടുപെടുന്നതും കണ്ടു. പലതും വളരെ അടിയിലും ഇടയിലുമൊക്കെ ആയിരുന്നു. അയാൾ മുകളിൽ നിന്നും ഓരോന്നായി മാറ്റി മാറ്റിയാണ് ആ സ്ത്രീ പറഞ്ഞതെല്ലാം എടുത്തത്. പാവമെന്ന് തോന്നിച്ചു അയാളുടെ അപ്പോഴത്തെ പെരുമാറ്റം കണ്ടപ്പോൾ. ഇത്രയും ക്ഷമയുള്ള ആളുകളുണ്ടോ എന്നതും എനിക്കപ്പോൾ ഒരു അതിശയമായി...


വാങ്ങിയത് ഒരു കിലോ മാത്രമാണ്. എന്നിട്ടും ആ സ്ത്രീ ഒന്ന് രണ്ടെണ്ണം കൂടുതൽ ഇടാൻ കല്പിക്കുന്നത് കണ്ടു. പാവം പിടിച്ച ആ മനുഷ്യൻ അപ്പോഴും ശാന്തനായി ഒരെണ്ണം കൂടി ഇട്ടുകൊടുത്തു. അവർക്ക് കവർ കൈമാറി പൈസ വാങ്ങിയ അയാളുടെ മുഖ ഭാവവും, ഒരു കൈ നീട്ടി  ഒരു യാചകനെ പോലെ നിൽക്കുന്ന കാഴ്ച്ചയും എന്നെ വല്ലാതെ വേദനിപ്പിച്ചു. പറഞ്ഞ പൈസയിലും കുറവായിരിക്കാം ആ സ്ത്രീ അയാൾക്ക് കൊടുത്ത്...


അയാളെ ശ്രദ്ധിക്കാതെ മുഖം തിരിച്ച് നടന്ന് പോയപ്പോഴും അയാൾ ഒന്നൂടെ ആ സ്ത്രീയെ വിളിച്ചു നോക്കി. ജാലക കാഴ്ച്ചയിൽ നിന്നും മറഞ്ഞു പോകുന്ന വരെ ഞാനും അയാളും ആ സ്ത്രീയെ വെറുപ്പോടെ നോക്കി നിന്നു. ആളുകൾ എത്ര വ്യത്യസ്ഥരാണ്. എന്തൊക്കെ എത്രയൊക്കെ ഉണ്ടായാലും ആളുകൾ നമ്മൾ വിചാരിക്കും പോലെയാകില്ല. ചിന്തകളിലും... കാഴ്ചപ്പാടുകളിലും.. സ്വഭാവത്തിലും.. പെരുമാറ്റത്തിലും.. 


അവരിൽ നിന്നും ഇനി ഒന്നും കിട്ടില്ലെന്ന് ഉറപ്പായപ്പോൾ അയാൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തൻ്റെ തൊഴിലിലേക്ക് തിരിഞ്ഞു. അയാൾ വീണ്ടും അവയെല്ലാം ഓരോന്നായി നിരത്തി ഭംഗിയിൽ അടക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ആ സ്ത്രീ നിന്ന സ്ഥലത്ത് കുറച്ച് നോട്ടുകൾ കിടക്കുന്നത്. ആദ്യം ഒരു സംശയം തോന്നിയെങ്കിലും പിന്നീട് എനിക്കത് ഉറപ്പായി.. അതെ അത് പൈസ തന്നെ. അത് ഒരുപക്ഷെ ആ സ്ത്രീയുടെ ബാഗിൽ നിന്നും വീണതാവുമെന്ന് ഞാൻ ഊഹിച്ചു...


അതവിടെ കിടക്കുന്നത് അയാൾ കണ്ടിട്ടില്ല. ആയ്യോ! അത് വേറെ ആരെങ്കിലും എടുക്കുമോ? കാറ്റിൽ പറന്നു പോകുമോ? എന്നൊക്കെ ഓർത്ത് ടെൻഷനാവുകയായിരുന്നു ഞാൻ ആ ഓരോ നിമിഷവും. അയാൾ ഒന്ന് മുന്നിലേക്ക് വന്നെങ്കിലെന്ന് ഞാനാശിച്ചു. അയാളെ ഒന്ന് ഉറക്കെ വിളിച്ച് അത് ചൂണ്ടി കാണിച്ചു കൊടുത്താലോ എന്നൊക്കെ തോന്നി. വേറെ ഒരു വഴിയും ഇല്ലാതായപ്പോൾ ആവുന്നത്ര ഉറക്കെ ഞാൻ അയാളെ വിളിച്ചു നോക്കി. പക്ഷെ ആ റോഡിലെ വാഹനങ്ങളുടെ  ബഹളത്തെ വെല്ലുന്നത്രയും ശബ്ദമൊന്നും എനിക്കപ്പോൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ ശ്രമം വിജയിച്ചില്ല...


അങ്ങനെ ഒരു വലിയ നിരാശയിൽ നിൽക്കുമ്പോഴാണ് അടുക്കിവെച്ചിരുന്ന പേരക്കയിൽ നിന്നും ഒരെണ്ണം പെട്ടെന്ന് താഴേക്ക് വീണതും അതെടുക്കാൻ അയാൾ മുന്നിലേക്ക് വന്നതും. ആയാളപ്പോൾ  ആ നോട്ടുകൾ കണ്ട് ആദ്യം ഒന്ന് അമ്പരന്നു. അതെടുക്കുമ്പോൾ അർഹത ഇല്ലാത്ത ആ പൈസ അയാളുടെ കൈയ്യിൽ ഇരുന്ന് വിറകൊള്ളുന്നതും ഞാൻ ശ്രദ്ധിച്ചു...


വലിയ നോട്ടുകളാണ്  അതും നാലോ അഞ്ചോ എണ്ണം. മറ്റൊന്നും ചിന്തിക്കാതെ അയാൾ അതുമായി ആ സ്ത്രീ പോയ ഭാഗത്തേക്ക് ഓടുന്നത് കണ്ടു. കുറച്ച് കഴിഞ്ഞപ്പോൾ തിരികെ  വരുന്നതും. അപ്പോഴും ആ നോട്ടുകൾ അയാളുടെ കൈയ്യിൽ തന്നെ ഉണ്ടായിരുന്നു. ആ സ്ത്രീ വന്നാൽ കൊടുക്കാം എന്നപോലെ ആ നോട്ടുകൾ അയാൾ തന്‍റെ  കീശയിൽ വെക്കാതെ അയാളുടെ സഞ്ചിയിൽ ഭദ്രമായി വെച്ചു. സാധാരണ പേരക്ക വിറ്റു കിട്ടുന്ന പൈസ അയാൾ കീശയിലാണ് വെക്കാറാണ്‌...


ആ പണം അയാൾക്ക്‌ അർഹതപ്പെട്ടതാണെന്ന എന്‍റെ വിലയിരുത്തലിലും, അതങ്ങനെ അയാൾക്ക് കിട്ടിയതിലും എനിക്കപ്പോൾ എന്തെന്നും എത്രയെന്നും ഇല്ലാത്ത സന്തോഷമായിരുന്നു. "എല്ലാം മുകളിൽ ഇരുന്ന് ഒരാൾ കാണുന്നുണ്ട്" എന്ന് ചിലർ ദൈവത്തെ സൂചിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഇവിടെ ഇപ്പോൾ അങ്ങനെ എല്ലാം മുകളിൽ ഇരുന്നു കണ്ട ആ ദൈവം ഞാനാണെന്ന മനസ്സിലെ രസികൻ ചിന്തയിൽ രസിച്ചുകൊണ്ട് എന്‍റെ അസുഖവും അവസ്ഥയും മറന്ന് ഞാൻ അയാളെ നോക്കി ആർത്തു ചിരിച്ചു... ഒരു ഭ്രാന്തനെപ്പോലെ...


ഇനി കുറച്ച് മണിക്കൂറുകൾ കൂടിയുണ്ട്. തിരികേ വീട്ടിലേക്ക് കൊണ്ടു പോകുവാനുള്ള സാധനങ്ങളെല്ലാം എടുത്ത് ഒരുക്കി വെച്ചു. അതിൽ വായിക്കാം എന്ന് കരുതി കൂടെ കൂട്ടിയ രണ്ട് പുസ്തകങ്ങളും ഉണ്ടായിരുന്നു. അവരെ കൊണ്ടുവരേണ്ടിയിരുന്നില്ലെന്ന് തോന്നി. ഒരു വലിയ പുസ്തകം തന്ന വായനാനുഭവം പോലെയായിരുന്നു കഴിഞ്ഞ ദിവസങ്ങളും, ആ ഓരോ നിമിഷങ്ങളും, ആ ജാലക കാഴ്ച്ചയും…


ഓർമ്മവെച്ചതിനു ശേഷം ആദ്യത്തെ ഹോസ്പിറ്റൽ ജീവിതമാണ്. അത് എന്തായാലും വ്യത്യസ്തമായ ഒരു അനുഭവമായിത്തീർന്നു. ഇനിയും ഇങ്ങനെ എന്തെല്ലാം അറിയാൻ കിടക്കുന്നുവെന്ന് ഞാനപ്പോൾ എന്നെ ഓർമ്മിപ്പിച്ചു. ഇങ്ങനെ പലപ്പോഴായി അനുഭവങ്ങളിലൂടെ അറിഞ്ഞതെല്ലാം അറിയാവുന്ന പോലെ ഒന്ന് എഴുതിവെക്കാൻ ശ്രമിക്കണമെന്നുണ്ട്. സ്വയം ഒരു പകർത്തി വെക്കൽ. അതൊരു സുഖമാണ്. നാളെ ഒരിക്കൽ ഒന്ന് പുറകിലേക്ക് പോകാൻ തോന്നുകയാണെങ്കിൽ അതിനായി ഒരു വഴി ഇന്നേ തെളിയിച്ചിട്ടേക്കാം എന്നൊരു ചിന്ത കൂടിയുണ്ട് അതിൽ…


അങ്ങനെ ഓരോ ചിന്തകളിൽ മുഴുകി നിൽക്കുമ്പോഴാണ് കതകിൽ മുട്ടിക്കൊണ്ട് ഒരു കിളി നാദം കേട്ടത്. രേഖ സിസ്റ്റർ ആയിരുന്നു അത്‍...


"ബില്ല് റെഡിയായിട്ടുണ്ട് ആരെങ്കിലും ഒന്ന് താഴേക്ക് ചെന്നാ മതി..."


"അതെനിക്ക് വേണ്ട.. സിസ്റ്റർ എടുത്തോളു..." എന്ന് ഞാൻ പറഞ്ഞത് രസിച്ചു എന്നറിയിക്കുന്ന ചിരിയുമായി സിസ്റ്റർ പോയി…


കസിൻ പോയി ബില്ലൊക്കെ അടച്ച് തുടർന്ന് കഴിക്കേണ്ട മരുന്നുകളും വാങ്ങി വന്നു. പിന്നെ പത്ത് പന്ത്രണ്ടു ദിവസം എന്നെ സംരക്ഷിച്ച മുറിയോടും ഒരു പുസ്തകം പോലെ, ഒരു ടെലിവിഷനെന്ന പോലെ എനിക്ക് മുന്നിൽ നിന്ന ആ ജാലകത്തിനോടും പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് ഞാൻ ആ മുറി ഉപേക്ഷിച്ച് ഇറങ്ങി. കഴിഞ്ഞ നാളുകളിൽ അവിടെ കണ്ടുവെന്ന പരിചയം പറഞ്ഞ എല്ലാവരോടും ഞാൻ യാത്ര പറഞ്ഞു. അവസാനം ആ ആശുപത്രിയോടും…


അടുത്ത ലക്ഷ്യം 'അയാൾ' ആയിരുന്നു. കസിനോട് ഞാൻ ആ ആവശ്യം പറഞ്ഞപ്പോൾ അവൻ ചോദിച്ചു…


"ഞാൻ പോയി വാങ്ങിയാ മതിയോ?"


"ഹേയ്… ഞാൻ തന്നെ പൊക്കോളാം… എനിക്ക് അയാളെ ഒന്ന് അടുത്ത് കാണണം… അയാളും ഞാനും തമ്മിൽ ഒരു ബന്ധം ഉണ്ട്… നീ അവിടെ വണ്ടി ഒന്ന് ഒതുക്കി തന്നാൽ മതി…"


പറഞ്ഞപോലെ അവൻ അവിടെ വണ്ടി ഒതുക്കി. ഞാൻ മെല്ലെ ഇറങ്ങി അയാളുടെ അടുത്തേക്ക് നടന്നു. മറ്റൊരു കോണിൽ നിന്നും കണ്ടുപരിചയമുള്ള ആ മുഖം അടുത്ത്‌ കണ്ടപ്പോൾ കുറച്ച് മാറ്റങ്ങൾ തോന്നിച്ചു. ഞാൻ അങ്ങനെ അയാളുടെ അരികിൽ എത്തി. ആ നേരത്ത് എന്‍റെ മുഖത്തെ പുഞ്ചിരിയിൽ അയാൾ അസ്വസ്ഥതനാണെന്ന് ഞാൻ മനസിലാക്കി. അയാൾക്ക്‌ ഞാനൊരു അപരിചിതൻ ആണെങ്കിലും എനിക്ക് അയാൾ വളരെ പരിചിതനായ ഒരാളാണെന്നത് അയാൾക്ക്‌ അറിയില്ലല്ലോ. അതുകൊണ്ടൊ എന്തോ അയാൾ എന്നോട് ചോദിച്ചു…


"യേൻ സാർ ഇപ്പടി പാക്ക്റേ.."


ഒരു കൊച്ചു ചിരിയോടെ ഞാൻ  "ഹേയ് ഒന്നുല്ല അണ്ണാ…" എന്ന് പറഞ്ഞൊഴിഞ്ഞു. "എവ്‌ളോ വേണം?" എന്ന് ചോദിച്ചപ്പോൾ "ഇത് മുഴുവനും" എന്ന് പറഞ്ഞത് അയാൾക്കെന്തോ ഒരു കളിയാക്കൽ പോലെ തോന്നി. പിന്നെയും പിന്നെയും അയാൾ അത് എന്നോട് ചോദിച്ചു ഉറപ്പ് വരുത്തി. വൈകുന്നേരം ആയതുകൊണ്ട് അധികം ബാക്കി ഇല്ലായിരുന്നു. ഏറെ സന്തോഷത്തോടെ അയാൾ എനിക്കത് മുഴുവനും പൊതിഞ്ഞു തന്നു…


സന്തോഷത്തോടെ അത് വാങ്ങി കൈയ്യിൽ കരുതിയിരുന്ന ഒരു വലിയ നോട്ട് ഞാൻ അയാൾക്ക് കൊടുത്തു. അയാൾ ബാക്കി തരാനുള്ള പൈസ  തിരയവേ ഞാൻ പറഞ്ഞു "പര്‍വ്വല്ലേ അണ്ണൻ വച്ച്ക്കോ.." അപ്പോഴും ഒരു അവിശ്വസനീയത ആ മുഖത്ത് ഞാൻ കണ്ടു. യാത്ര പറഞ്ഞ് നടക്കാൻ ഒരുങ്ങുമ്പോള്‍ അയാൾ എനിക്ക് നേരെ കൈ കൂപ്പി നിൽക്കുകയായിരുന്നു. ഒരുപാട് നിമിഷങ്ങൾ എനിക്ക് സമ്മാനിച്ചതിനുള്ള നന്ദി സൂചകമായി തിരിച്ച് ഞാനും ഒന്ന് തൊഴുതു…


വീടെത്തുന്നത് വരെയുള്ള യാത്രയിൽ ആശുപത്രിയിൽ കയറിയ ചെന്ന നിമിഷങ്ങൾ മുതൽ എല്ലാം ഒന്ന് അയവിറക്കി. നമ്മൾ അറിയാത്ത നമ്മളെ അറിയാത്ത ആളുകളാണ് നമുക്ക് ചുറ്റും അധികവും. അതിൽ എത്രയോ പേർക്ക് നമ്മൾ ഒരു കാഴ്ച്ചയാകുന്നുണ്ടാകും, അവർ നമ്മളെ നിരീക്ഷിക്കുന്നുണ്ടാകും.. സ്നേഹിക്കുന്നുണ്ടാകും.. ഒന്നും ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ. നമ്മൾ ചെയ്യുന്ന ഓരോ നന്മയും തിന്മയും അങ്ങനെ ആരെങ്കിലൊക്കെ എവിടെയെങ്കിലും നിന്നുകൊണ്ട് കാണുന്നുണ്ടാകും... നമ്മളെ വിലയിരുത്തുന്നുണ്ടാകും...


എനിക്ക് കാഴ്ചകൾ പകർന്ന ആ മുറിയുടെ ജാലകം അവിടെ ഇനി വരുന്ന ആളുകൾക്കും ഇതേ കാഴ്ച്ചകൾ ഒരുക്കും. അതുപോലെ അവിടെ എത്ര ജാലകങ്ങൾ ഉണ്ടോ അവയും എല്ലാം തുറന്നു കാണിക്കും. പക്ഷെ അതെല്ലാം അതുപോലെ കാണണമെങ്കിൽ കണ്ണ് തുറന്നു കാണുവാനുള്ള ശ്രമമുണ്ടാവണം... ഒരു മനസ്സുണ്ടാവണം... അല്ലാത്തവരെല്ലാം പാതി 'അന്ധരാണ്' എന്നു തന്നെ ഞാൻ പറയും......


ചിന്തകൾ അപ്പോഴും എന്നിൽ അങ്ങന തുടർന്നു കൊണ്ടിരുന്നു. കൂടെ കാറിന്‍റെ  ജാലകത്തിലൂടെ എന്നിലേക്ക് കടന്നു വന്ന കുറേയേറെ കാഴ്ച്ചകളും. ഇഷ്ടമുള്ളത് മാത്രമല്ലാതെ എല്ലാം കാണാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുകയാണെങ്കിൽ ഈ കാഴ്ച്ചകൾ ഒരിക്കലും അവസാനിക്കുകയില്ല മടുക്കുകയുമില്ല... അനുഭവം പഠിപ്പിച്ച ഒരു പാഠം അങ്ങനെ എന്നിൽ ഒറ്റവാചകത്തിൽ ഒതുങ്ങി...

Monday, December 16, 2019

47. കിങ്ങിണി

കിങ്ങിണിയുടെ മൃതശരീരം വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നത് നോക്കി നിൽക്കുമ്പോൾ എന്റെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ട് കിങ്ങിണി എന്റെ കൂടെ ഉണ്ടായിരുന്നു. കണ്ണീർ വറ്റിയ അമ്മ ആ കുഞ്ഞു ശരീരത്തോട് ചേർന്ന് കിടക്കുന്നു. ഉമ്മറത്തിരിക്കുന്ന അച്ഛനാകട്ടെ കിങ്ങിണി അനാഥയാക്കിയ കുഞ്ഞു ചെരുപ്പുകളിലേക്ക് കണ്ണെടുക്കാതെ നോക്കിയിരിക്കുന്നു. വീടിന് ചുറ്റും ആളുകൾ വിഷാദ ഭാവത്തോടെ തിങ്ങി നിൽക്കുന്നു...

മനസ്സും ശരീരവും ഒരുപോലെ മരവിച്ചിരിക്കുന്ന ആ മനുഷ്യനെ എനിക്കൊന്ന് ചേർത്തു പിടിക്കണമെന്നുണ്ടായിരുന്നു. കിങ്ങിണിക്കാണെങ്കിൽ അച്ഛനെ ഒന്ന് കെട്ടിപ്പിടിക്കണമെന്നും, അമ്മയോട് "കരയല്ലമ്മേ..." എന്ന് പറഞ്ഞ് സമാധാനിപ്പിക്കണമെന്നുമുണ്ട്. എന്നാൽ ഞങ്ങൾ ആത്മാക്കൾക്ക് അതിനുള്ള ശേഷിയില്ലല്ലോ, അതിനുവേണ്ട ശരീരം നഷ്ട്ടമായവരല്ലേ ഞങ്ങൾ...

മരണ വീടെന്ന അന്തരീക്ഷം കിങ്ങിണി ആദ്യമായി കാണുകയായിരുന്നു. ഒരു മരണ വീടും അവൾ ഇതിനു മുമ്പ് കണ്ടിട്ടില്ല. മകൾ വിഷമിക്കരുത്, പേടിക്കരുത് എന്നൊക്കെ ചിന്തിച്ച അച്ഛനും അമ്മയും അങ്ങനെയുള്ള ഇടങ്ങളിലേക്ക് കിങ്ങിണിയെ കൊണ്ടുപോകാറില്ലായിരുന്നു. അതുകൊണ്ട് കിങ്ങിണിയെ അവിടെ അധിക നേരം നിർത്താൻ എനിക്കും തോന്നിയില്ല. എന്നാൽ 'പോകാം' എന്ന ഭാവത്തോടെ ഞാൻ തിരിഞ്ഞപ്പോൾ കിങ്ങിണി അവിടെ മടിച്ചു നിന്നു. ആദ്യമായി കാണുന്ന കൗതുകങ്ങളുമായി...

"നമ്മുക്ക് ഇവിടെ നിൽക്കണ്ട.. പോകാം.." എന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ വിരലിൽ നിന്നും പിടി വിട്ട് അവൾ ഉറങ്ങാറുള്ള മുറിയിലേക്ക് ഓടി പോയി. തന്റെ പ്രിയപ്പെട്ട പാവയെ കൂടെ കൂട്ടാൻ വേണ്ടിയായിരുന്നു ആ പോക്ക്. എന്നാൽ അവൾക്കതിൽ ഒന്ന് തൊടാൻ പോലും കഴിയുന്നില്ലെന്നത് കണ്ടപ്പോൾ എനിക്കും സങ്കടായി. പിന്നെ ഞങ്ങളവിടെ നിന്നില്ല, അവളേയും കൂട്ടി ഞാനാ മൂകാന്തരീക്ഷത്തിൽ നിന്നും ഇറങ്ങി...

കിങ്ങിണിയുടെ ശബ്ദം നിലച്ച വീട്ടിൽ നിന്നും കിങ്ങിണി കളിച്ചു വളർന്ന മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അച്ഛനെയും അവളൊന്ന് തൊടാൻ ശ്രമിച്ചു. എന്റെ വിരൽത്തുമ്പിൽ പിടിച്ച് മുറ്റത്തൂടെ നടക്കുമ്പോഴും അവൾ തിരിഞ്ഞ് അച്ഛനെ തന്നെ നോക്കുകയായിരുന്നു. തന്റെ മകളെ അവസാനമായി കാണുവാൻ അവിടെ ആരൊക്കെ വരുന്നു പോകുന്നു എന്നൊന്നും അറിയാതെ ആ അച്ഛൻ അപ്പോഴും ആ ചെരുപ്പുകളിലേക്ക് നോക്കിയുള്ള അതേ മരവിച്ച ഇരുപ്പിലായിരുന്നു...

കിങ്ങിണി എന്നും സ്കൂളിൽ പോകുന്ന വഴികളിലൂടെ ഞങ്ങൾ നടന്നു. സ്കൂളിലെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരടക്കമുള്ള കുട്ടികളും, ടീച്ചർമാരും തന്റെ വീട് ലക്ഷ്യമാക്കി പോകുന്നത് കണ്ടപ്പോഴും. കാണുമ്പോഴെല്ലാം സ്നേഹം കാണിക്കാറുള്ളവരും കുശലം ചോദിക്കാറുള്ളവരും തന്റെ അരികിലൂടെ പോയപ്പോഴും ഇന്നെന്താ ഇവരാരും തന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്തേ എന്ന അതിശയം നിറഞ്ഞ ചിന്തയിലാണ്ടു അവൾ...

വീട്ടിൽ മീൻ കൊണ്ടുവരുന്ന ചേട്ടനും തന്നെ ശ്രദ്ധിക്കാതെ, വെപ്രാളപ്പെട്ട് തന്റെ വീട്ടിലേക്ക് ഓടി പോകുന്നത് കണ്ടപ്പോൾ അവളെന്റെ മുഖത്തേക്ക് ഒന്ന് നോക്കി. നമ്മളെ മറ്റാർക്കും കാണാനാവില്ലെന്ന് ഞാനപ്പോൾ അവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ആ ചേട്ടൻ എന്നും "ഇത് കിങ്ങിണിമോൾക്ക്.." എന്നു പറഞ്ഞ് ഒരു മീൻ അധികം അമ്മയ്ക്ക് കൊടുക്കുമായിരുന്നുവെന്ന് അവൾ പറഞ്ഞപ്പോൾ അത് കേട്ടുവെന്ന ഭാവത്തിൽ ഞാനൊന്ന് മൂളി...

ആ വഴിയരികിലൂടെ പയ്യെ നടന്നുവരുന്ന അപ്പൂപ്പനെ കണ്ട അവൾ ഉറക്കെ "അപ്പൂപ്പാ..." എന്ന് വിളിച്ചു. എന്നാൽ അവളുടെ ആ വിളിയും വ്യർത്ഥമായപ്പോൾ കിങ്ങിണി അതും മനസ്സിലാക്കി.. തന്റെ ശബ്ദവും ആർക്കും... ആത്മാക്കളുടെ പരിമിതികളും, ജീവിച്ചിരിക്കുന്നവരുമായുള്ള അകലവും അവളങ്ങനെ ഓരോന്നായി മനസ്സിലാക്കുകയായിരുന്നു. അപ്പോഴെല്ലാം കിങ്ങിണിക്ക് എന്നോട് ഒരുപാട് സംശയങ്ങൾ ചോദിക്കാനുണ്ടായിരുന്നു. ആ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമായി ഞങ്ങൾ ഒരുപാട് ദൂരം നടന്നു...

പകലുകൾ എന്നോ രാത്രിയെന്നോ ഇല്ല.. ഊണും ഉറക്കവും ഇല്ല.. ക്ഷീണവും തളർച്ചയും ഇല്ല.. അതെല്ലാം 'ശരീരം' എന്നതിന്റെ ആവശ്യകതകളായിരുന്നു എന്നൊക്കെ കിങ്ങിണിയും മനസ്സിലാക്കി തുടങ്ങിയിരുന്നു. തനിക്ക് എന്തൊക്കെയോ സംഭവിച്ചു എന്നല്ലാതെ എന്ത് സംഭവിച്ചു എന്നൊന്നും അവൾക്ക് അപ്പോഴും അറിയില്ലായിരുന്നു. അല്ലെങ്കിലും അച്ഛന്റേയും അമ്മയുടേയും തണലിനപ്പുറത്തേക്ക് ലോകമറിയാത്ത കുട്ടിക്ക് സ്നേഹം എന്താണ് എന്നല്ലാതെ മറ്റെന്താണ് അറിയുക...

പരസ്പരം സംസാരിച്ചുകൊണ്ടുള്ള ഞങ്ങളുടെ സഞ്ചാരത്തിനിടയിൽ ഒരു രാത്രി വന്നുപോയത് കിങ്ങിണി അറിഞ്ഞതേയില്ല. അടുത്ത പകൽവെളിച്ചത്തിൽ ഞങ്ങൾ കാടിനുള്ളിലെ ആ മരത്തിന്റെ ചുവട്ടിലെത്തി. കഴിഞ്ഞ ദിവസം ആ തണലിൽ ബോധമില്ലാതെ കിടക്കുന്നതിനിടയിലാണ് കിങ്ങിണി തന്റെ ശരീരത്തെ വെടിഞ്ഞത്...

കിങ്ങിണിയുടെ ശരീരത്തിനിൽ നിന്നും ഒഴുകിയ രക്തം അവിടെ അപ്പോഴും ചില കല്ലുകളിലും കരിയിലകളിലും പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു. അവിടെ കുറച്ചു മാറി കിങ്ങിണിയുടെ പിങ്ക് കളർ വാച്ച് കിടക്കുന്നത് ഞാനവൾക്ക് കാണിച്ചു കൊടുത്തു. അവളത് സൂക്ഷ്മമായി നോക്കികൊണ്ട് കൂട്ടുകാരികൾ ഏറ്റവും കൂടുതൽ കൊതി പറഞ്ഞിരുന്ന വാച്ചായിരുന്നു അതെന്ന് അവളെന്നോട് പറഞ്ഞു...

ഞങ്ങളവിടെ അങ്ങനെ നിൽക്കുമ്പോഴാണ് വിലങ്ങണിയിച്ച ആ മനുഷ്യമൃഗത്തേയും കൊണ്ട് പോലീസ് അവിടേക്ക് വന്നത്. കൂടെ കുറെയേറെ ആളുകളും ഉണ്ടായിരുന്നു. കിങ്ങിണിയെന്ന കുരുന്നു ജീവൻ എങ്ങനെ ഇല്ലാതാക്കി എന്നതിന്റെ ചിത്രം വ്യക്തമാക്കാൻ 'തെളിവെടുപ്പ്' എന്ന ചടങ്ങിനായി വന്നവരായിരുന്നു അവർ. കാട്ടിൽ വിറകൊടിക്കാൻ പോകവേ കിങ്ങിണിയുടെ മൃതദേഹം ആദ്യമായി കണ്ട അമ്മിണിയമ്മയും സന്തത സഹചാരിയായ അവരുടെ നായയും അവരുടെ മുന്നിൽതന്നെയുണ്ടായിരുന്നു...

അവിടെ നടക്കുന്ന ഓരോ ചലനവും മൊബൈലിൽ പകർത്താനുള്ള തിരക്കായിരുന്നു കിങ്ങിണിയുടെ നാട്ടിലെ ചേട്ടന്മാർക്കെല്ലാം. സ്‌ക്രീനുകളിൽ മാത്രമായി ഒതുങ്ങിയ കണ്ണുകളും കാതുകളും ചുറ്റും നടക്കുന്നത് അറിയാനുള്ള ശേഷി ഇല്ലാതാക്കി എന്നതുകൊണ്ടുണ്ടായ വിപത്തുകളിൽ ഒന്നാണ് മുന്നിലെന്നത് അപ്പോഴും അവർ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. ക്യാമറ കണ്ണുകളിലൂടെ അവർക്ക് ഞങ്ങളെ കാണാനാകുമോ? എന്ന സംശയമായിരുന്നു എനിക്കപ്പോൾ. പറയാൻ പറ്റില്ലല്ലോ വേണ്ടതായ മാനുഷിക മൂല്യങ്ങൾ ഇല്ലാതാകുന്നെങ്കിലും ശാസ്ത്രവും സാങ്കേതികവിദ്യയും എവിടേക്കെന്നില്ലാതെ കുതിക്കുകയല്ലേ...

അവിടെ നടക്കുന്ന നാടകങ്ങൾ ഞാനും കിങ്ങിണിയും നോക്കി നിന്നു. അവിടെ നിന്നുകൊണ്ട് നല്ലതുപോലെ അഭിനയിച്ച ആ മൃഗം അവരോട് പറഞ്ഞതെല്ലാം പച്ച കള്ളമായിരുന്നു. സമയമെടുത്ത് എല്ലാം ചോദിച്ചും, കേട്ടും കഴിഞ്ഞപ്പോൾ ആ മൃഗത്തേയും കൊണ്ട് പോലീസ് മടങ്ങി. പുറകെ അവരുടെ കൂടെ വന്ന ജനങ്ങളും. കിങ്ങിണി അപ്പോൾ തന്റെ വീട്ടിലെ കാര്യങ്ങളെന്ന ചിന്തയിലായിരുന്നു. ആ ചിന്തയിൽ നിന്നുകൊണ്ട് അവളപ്പോൾ പറഞ്ഞു.. "വീട്ടിൽ പോകാം"...

ആകെ ഉറങ്ങിയ വീട്.. വീടിനു മുന്നിൽ വലിച്ചു കെട്ടിയ ടർപായ മുറ്റത്താകെ നീല വെളിച്ചം പരത്തിയിരിക്കുന്നു. "കിങ്ങിണി" എന്ന് പേരെഴുതിയ അച്ഛന്റെ ഓട്ടോറിക്ഷ ആകെ പൊടിപിടിച്ച കോലത്തിൽ കിങ്ങിണി ആദ്യമായി കാണുന്നത് അപ്പോഴാണ്. അമ്മ കിടക്കുകയാണ്. അച്ഛൻ ആ മുറിയിലെ ജനൽ കമ്പിയിൽ പിടിച്ചു കൊണ്ട് കിങ്ങിണിയെ അടക്കിയ മണ്ണിലേക്ക് നോക്കി നിൽക്കുന്നു. അവിടത്തെ ആകെയുള്ള മൂകതയിൽ കിങ്ങിണിക്ക് അതിശയമായിരുന്നു.. 'ഇത് തന്റെ വീടുതന്നെയാണോ?' എന്ന സംശയവും. നിലച്ചുപോയ അവളുടെ ചിരിയും, വെള്ളി കൊലുസ്സിന്റെ കിലുക്കവും, അമ്മയുടെ "കിങ്ങിണീ.." എന്ന നീട്ടിയുള്ള വിളിയുമായിരുന്നു ആ വീടിന്റെ സ്പന്ദനമെന്ന് അവൾക്കറിയില്ല... 

ഒരിക്കൽ 'കുടുകുടാ..' എന്ന ചിരി കേട്ട വീട്ടിലേക്ക് ചെന്നപ്പോഴാണ് ഞാൻ കിങ്ങിണിയെ ആദ്യമായി കാണുന്നത്. അച്ഛനും മകളും കളിക്കുകയായിരുന്നു അവിടെ. നിഷ്കളങ്കമായ ആ ചിരി കണ്ടാൽ മതിയായിരുന്നു അവൾ ആർക്കും പ്രിയപ്പെട്ടവളാകാൻ. അത്രക്ക് സുന്ദരവും, ഹൃദ്യവുമായിരുന്നു ആ ചിരി. പിന്നീട് എന്റെ അലച്ചിലിനിടയിൽ പലപ്പോഴും ആ ചിരിക്കുടുക്കയെ കാണാൻ ഞാനവിടെ ചെല്ലുമായിരുന്നു... 

കഴിഞ്ഞ ദിവസം പതിവില്ലാതെ കിങ്ങിണിയുടെ അലറിയുള്ള കരച്ചിൽ കേട്ടാണ് ഞാനവളുടെ അരികിലെത്തിയത്. സ്കൂളിൽ നിന്ന് വരുന്ന കിങ്ങിണിയെ ഒരാൾ തോളിലിട്ടുകൊണ്ട് കാടിനുള്ളിലേക്ക് പോകുന്നതാണ് ഞനപ്പോൾ കണ്ടത്. അവൾക്ക് ഒരു അപകടം സംഭവിക്കാൻ പോകുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടും, അവളെ രക്ഷിക്കാൻ എനിക്ക് കഴിവില്ലെന്നതുകൊണ്ടും രക്ഷിക്കണമെന്ന് പറയാൻ ഞാൻ വേഗം സർവ്വേശ്വരന്റെ അടുത്തേക്ക് പോയി...

പോകുന്ന വഴിയിൽ ഞാൻ കണ്ട മാലാഖമാരുടെ മുഖങ്ങൾ അപ്പോൾ ഒട്ടുംതന്നെ പ്രസന്നമല്ലായിരുന്നു, എന്റെ വരവിന്റെ ഉദ്ദേശം മനസ്സിലാക്കിയതിനാലാകാം സർവ്വേശ്വരൻ എന്നെ കാണുവാൻ കൂട്ടാക്കാതിരുന്നത്‌. ആ ഒരു അവസ്ഥയിൽ എനിക്ക് തോന്നിയതെല്ലാം ഞാനവിടെ വിളിച്ചു പറഞ്ഞു. ഇനി നിന്നിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോൾ ഞാനവിടെ നിന്നും വേഗം കിങ്ങിണിയുടെ അരികിലേക്ക് ചെന്നു...

അവിടെ ചെല്ലുമ്പോൾ ആ മനുഷ്യമൃഗം കാമാർത്തി തീർത്ത പിഞ്ചു ശരീരം ഒരു മരച്ചുവട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. സാധാരണ ഒരു മനുഷ്യന് കണ്ടാൽ സഹിക്കാനാവില്ല ആ മോളുടെ കിടപ്പ്. നഗ്നമായ ശരീരമാസകലം ചോര പൊടിയുന്നു, മണ്ണും പൊടിയും കരിയില കഷ്ണങ്ങളും പറ്റിയ മുടി, ഇളം ചുണ്ടുകൾ കടിച്ചു പറിച്ചിരിക്കുന്നു. അടിവയറ്റിലാകെ രക്തത്തിന്റെ ചുവപ്പു നിറം പരന്നിരിക്കുന്നു, തുടയിടുക്കിൽ നിന്നും പ്രവഹിക്കുന്ന രക്തം മണ്ണിലൂടെ ഒഴുകുന്നു. മുഖത്തേറ്റ അടിയാൽ കണ്ണുകൾ തുറക്കാനാവാതെ അവളവിടെ തളർന്ന് കിടക്കുകയായിരുന്നു...

നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ ഒരു ആത്മാവായ എനിക്കപ്പോൾ കഴിയുമായിരുന്നുള്ളൂ. അവസാന നിമിഷങ്ങളിൽ ആ ചുണ്ടുകൾ "വെള്ളം.. വെള്ളം.." എന്ന് പറഞ്ഞപ്പോഴും... പിന്നെ അധികം വൈകാതെ ആകെ തളർന്ന അവളുടെ ശരീരം ഒരു നിശ്വാസത്തിനിടയിൽ അവൾ ഉപേക്ഷിച്ചു. എന്നെപോലെ ഒരു ആത്മാവായ ആ നിമിഷം അവൾ ആദ്യം കണ്ടത് എന്നെയാണ്. രണ്ട് കൈകളും നീട്ടി ഞാനാ മകളെ അരികിലേക്ക് വിളിച്ചു. അങ്ങനെ അപ്പോൾ മുതൽ അവളങ്ങനെ എന്റെ കൂടെയുണ്ട്. എന്റെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ട്...

"കിങ്ങിണി" എന്നപേരിലുള്ള വാർത്തകൾ സമൂഹവും മാധ്യമങ്ങളും ആഘോഷിക്കുന്ന പോലെയായിരുന്നു. ആ നഷ്ടത്തിന്റെ ശരിയായ വേദന ആ അച്ഛനിലും അമ്മയിലും മാത്രമായി ഒതുങ്ങി. ബാക്കിയുള്ളവരെല്ലാം അതിവേഗം തന്നെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങിയിരുന്നു. അതിനിടയിൽ പലരും കിങ്ങിണിയെന്ന പേരിനെ മുൻനിർത്തി ആളാവാനും പേരെടുക്കാനും ശ്രമിക്കുന്നത് കണ്ടപ്പോൾ അവരോടും, അവരുടെ ആ പ്രവൃർത്തികളോടും പുച്ഛം തോന്നിച്ചു. ചിലർക്ക് ആ പേര് എഴുതുവാനുള്ള വിഷയമായി. എന്റെ ആർക്കും അല്ലല്ലോ, എന്റെ കുട്ടിക്ക് അല്ലല്ലോ എന്നൊക്കെയുള്ള ചിന്തയിൽ കണ്ണും കാതും തിരിച്ച് സ്വന്തം കാര്യത്തിൽ മാത്രമായി ഒതുങ്ങിയവരും കുറവായിരുന്നില്ല...

ദിവസങ്ങൾ ഓരോന്ന് പിന്നിടുമ്പോൾ ന്യായത്തിനും ശിക്ഷക്കും വേണ്ടി കോടതിയിൽ കിങ്ങിണിയുടെ പേരിലുള്ള കേസും വിചാരണയും തകർത്തിയായി നടന്നു. ആ മൃഗത്തിന് വേണ്ടി വാദിക്കാനും കോടതിയിൽ ആളുണ്ടായിരുന്നു എന്നത് എന്നെ വല്ലാതെ അതിശയിപ്പിച്ചു. അതും മൃഗത്തെ സംരക്ഷിക്കാൻ മറ്റൊരു മൃഗമെന്ന പോലെ കറുത്ത കുപ്പായമിട്ടവരിൽ പേരുകേട്ട ഒരാൾ... അയാളുടെ കണ്ണുകളും, കാതുകളും, വിരലുകളും, ശബ്ദവും ആ മൃഗത്തിന് വേണ്ടി കോടതി ചുവരുകൾക്കുളിൽ മുഴങ്ങി... 

അങ്ങനെ നീണ്ട നാളുകൾ മാസങ്ങളെന്ന അളവിൽ ഒരു വർഷത്തിലേക്ക് കടന്നു. കേസ് വിധി പറയുന്ന ദിവസം വീണ്ടും കാണുമ്പോൾ ആ അച്ഛനാകെ ക്ഷീണിതനായും, വെയിലേൽക്കാതെയും ലഹരി ഉപയോഗിക്കാതേയും സുഭിക്ഷമായ ഭക്ഷണവും ഉറക്കവുമായി പോലീസ് സംരക്ഷണയിൽ കഴിഞ്ഞ മനുഷ്യമൃഗം വല്ലാതങ്ങ് കൊഴുത്തിരിക്കുന്നതും കണ്ടു. 'എന്തിനിങ്ങനെ സുഖവാസവും സംരക്ഷണവും കൊടുക്കുന്നത്?' ഉത്തരമേ ഇല്ലാത്ത ആ ചോദ്യം എനിക്കും ആ മൃഗത്തിനും ഇടയിൽ നിന്നുകൊണ്ട് എന്നെ നോക്കി ചിരിക്കുകയായിരുന്നു അപ്പോൾ...

കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ട മൃഗം അത് ചെയ്തതായി തെളിവുകൾ ഇല്ലാത്തതിനാലും, കോടതിയിൽ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാലും, സംഭവത്തിന് വേണ്ട സാക്ഷികൾ ഇല്ലാത്തതിനാലും ആരോപിതൻ കുറ്റം ചെയ്തിട്ടില്ല എന്ന നിലയിൽ കോടതി നിരുപാധികം വിട്ടയക്കുന്നു എന്ന് കേട്ടപ്പോൾ ഞാനേറെ അസ്വസ്ഥനായി. ഇതെന്ത് നിയമം? ഇതെന്ത് ന്യായം? എന്ത് വ്യവസ്ഥ? എന്തിനാണ് ഈ നിയമ വ്യവസ്ഥകളെല്ലാം? ആർക്കുവേണ്ടിയാണ്? ആർക്കും ഉത്തരമില്ലാത്ത ചോദ്യങ്ങളൊക്കെതന്നെയായിരുന്നു അപ്പോഴും എന്നിലുണ്ടായിരുന്നത്... 

കോടതിവിധി കേട്ട അച്ഛൻ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അതിനെപ്പറ്റി പ്രതികരിക്കാൻ ഇല്ലെന്ന ഭാവത്തിൽ ഒരു ചെറു പുഞ്ചിരിയോടെ ആ പടികൾ ഇറങ്ങി നടന്നു. അതേ ചിരി അതേ സമയം ഞാൻ അവിടെ മറ്റ് രണ്ടു മുഖത്ത് കൂടി കണ്ടു. ഒന്ന് ആ മൃഗത്തിന്റെ മുഖത്തും മറ്റൊന്ന് കേസ്സ് വാദിച്ച് ആ മൃഗത്തെ രക്ഷിച്ച പേരുകേട്ട മൃഗത്തിന്റെ മുഖത്തും. പ്രതികരണശേഷി നഷ്ടമായ സമൂഹവും, കുറ്റവാളികളെ സംരക്ഷിക്കാൻ ശക്തികളും, തീറ്റി പോറ്റാൻ കാരാഗൃഹങ്ങളും ഉള്ളിടത്ത് ആ അച്ഛന്റെ ചിരിക്ക് 'പുച്ഛം' എന്ന അർത്ഥമുണ്ടെന്ന് എനിക്കപ്പോൾ തോന്നി...

സംഭവിക്കുന്നതായ ഒന്നും ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ ഇതൊക്കെ എന്താണ് ഇങ്ങനെയെന്ന് ചോദിക്കാൻ ഞാൻ വീണ്ടും സർവ്വന്യായാധിപനെ കാണുവാൻ പോയി. എല്ലാം എല്ലാവരും അറിയുന്നുണ്ട് എന്നപോലെ മാലാഖമാരെല്ലാം അവിടെ തലകുനിച്ചുള്ള നിൽപ്പായിരുന്നു. ഇത്തവണ എനിക്ക് പറയാനുള്ളതെല്ലാം കേൾക്കാൻ സന്മനസ്സു കാണിച്ച അദ്ദേഹം എന്നെക്കൊണ്ട് സഹികെട്ടു എന്നപോലെ കിങ്ങിണിക്ക് വേണ്ടി എനിക്ക് ഇഷ്ടമുള്ള മൂന്ന് കാര്യങ്ങൾ ആവശ്യപ്പെടാമെന്ന് പറഞ്ഞുകൊണ്ട് എന്റെ വായ് അടപ്പിച്ചു. ഒടുവിൽ അതിന് സമ്മതവും നന്ദിയും അറിയിച്ച് ഞാനവിടെനിന്നും പോന്നു...

വാദിച്ചു നേടിയ വിജയം പതിവുപോലെ വലിയ രീതിയിൽ ആഘോഷിക്കുന്ന മൃഗ രക്ഷകന്റെ കയ്യിരിക്കുന്ന മദ്യത്തിലൂടെ അയാൾക്കൊരു പണി കൊടുത്തു. അപ്പോൾ തുടങ്ങിയ വയറിളക്കമാണ് അയാൾക്ക്. എന്ത് ചെയ്തിട്ടും, എങ്ങനെയൊക്കെ ചികിത്സിച്ചിട്ടും നിലക്കാത്ത ഇളക്കം. അയാളുടെ സർവ്വ ശേഷികളും തളർന്ന് ഇല്ലാതാവുകയായിരുന്നു. അഹങ്കരിച്ച ശരീരവും ശബ്ദവും തളർന്നു. ആ അവസ്ഥയിൽ അയാൾ സകല ദൈവങ്ങളെയും വിളിച്ച് സമസ്താപരാധം പറയുന്നത് കേട്ടു...

വാദിച്ച് രക്ഷപ്പെടുത്തിയവർക്കും, കള്ളം പറഞ്ഞുണ്ടാക്കിയ കാശിനും അയാളെ രക്ഷിക്കാനായില്ല. നിമിഷങ്ങൾക്കൊണ്ടുള്ള മരണമെന്നതിനേക്കാൾ ഇങ്ങനെ നാറി നരകിച്ച് കൊല്ലപ്പെടുന്നതാണ് ഉചിതമെന്ന് തോന്നിയതുകൊണ്ടും, ഇനിയും മനുഷ്യമൃഗങ്ങളെ സംരക്ഷിക്കാൻ അങ്ങനെ ഒരു മൃഗം ഉണ്ടാവരുതെന്നത് ഒരു ആവശ്യമായിരുന്നതുകൊണ്ടും. എന്റെ ആദ്യത്തെ ആവശ്യം അതായിരുന്നു... 

മനുഷ്യമൃഗത്തെ എന്ത് ചെയ്യണമെന്നായിരുന്നു അടുത്ത ചിന്ത. കൊല്ലണം.. എങ്ങനെ കൊല്ലണം? മനുഷ്യമൃഗങ്ങളേയും യഥാവിധി വേട്ടയാടിതന്നെയാണ് കൊല്ലേണ്ടത്. എന്ത് വേണമെന്ന് ഞാൻ കിങ്ങിണിയോട് ചോദിച്ചു. തെല്ലും സമയമെടുക്കാതെ, സംശയിക്കാതെ അവൾ പറഞ്ഞു "എനിക്കുണ്ടായ വേദന എത്രയോ അതിലും കൂടുതൽ വേദന അറിയിച്ചു കൊണ്ട്... കൊല്ലണം!" കിങ്ങിണിയുടെ ആ വാക്കുകളെ പരിഗണിച്ച് അതിന് ഒത്തിണങ്ങുന്ന സമയവും സന്ദർഭവും നോക്കി ഞാനും കിങ്ങിണിയും കാത്തിരുന്നു...

എന്ത് ചെയ്താലും തന്നെ സംരക്ഷിക്കാൻ ആളുണ്ട് എന്നതുകൊണ്ട് പതിമടങ്ങ് ആത്മവിശ്വാസത്തോടെ ആ മൃഗം തന്റെ പൂർവ്വ ചിന്തകളിലേക്കും സ്വഭാവത്തിലേക്കും മടങ്ങിയത് വളരെ പെട്ടെന്നാണ്. ക്രൂരത നിറഞ്ഞ ആ കണ്ണുകൾ വീണ്ടും സ്കൂൾ യൂണിഫോമിലേക്കും, പാവാടക്ക് താഴെ കാണുന്ന കണങ്കാലുകളിലേക്കും നീണ്ടു. കിങ്ങിണിയുടെ അനുഭവം ഇനി മറ്റൊരു കുട്ടിക്ക് ഉണ്ടാവരുത്, അതുകൊണ്ട് ഇനി വൈകരുതെന്ന തീരുമാനത്തോടെ ഞാനാ മൃഗത്തെ വേട്ടയാടാൻ ഒരുങ്ങി...

രാത്രിയെന്ന സമയത്തിനായുള്ള കാത്തിരിപ്പോടെ കിങ്ങിണിയുമായി സംസാരിക്കുന്നതിനിടയിലാണ് അതെന്റെ ശ്രദ്ധയിലേക്ക് വന്നത്. മദ്യ ലഹരിയിലാണ്ട ആ മൃഗം കിങ്ങിണിയെന്ന ആ ഓട്ടോയിൽ സഞ്ചരിക്കുന്നു. അത് ഓടിക്കുന്നത് കിങ്ങിണിയുടെ അച്ഛൻ തന്നെയാണ്. ഇവർ പരസ്പരം അറിയില്ലെന്നോ? ഞാനാകെ പകച്ചുപോയി. കിങ്ങിണിയുടെ അച്ഛന്റെ മുഖത്താണെങ്കിൽ പ്രത്യേകിച്ച് ഒരു ഭാവവും ഇല്ലായിരുന്നു. എന്നാൽ ആ കണ്ണുകൾ ചിമ്മുന്നില്ലെന്നത് എനിക്കപ്പോൾ ഒരു പ്രത്യേകതയായി തോന്നി...

വിജനമായ ആ റോഡിൽ നിന്നും ആ ഓട്ടോ പെട്ടെന്ന് കാടിനുള്ളിലേക്ക് തിരിയവേ ഞാനും കിങ്ങിണിയും ആകാംക്ഷാഭരിതരായി. ആ മൃഗം കിങ്ങിണിയെ കൊണ്ടുപോയ അതേ വഴിയായിരുന്നു അത്. അൾസഞ്ചാരം കൂടിയപ്പോൾ തെളിഞ്ഞ കാട്ടുവഴിയിലൂടെ ആ ഓട്ടോ പറ്റാവുന്ന അത്രയും ഉള്ളിലേക്ക് പോയി. കൂടെ ഞങ്ങളും... 

ഓട്ടോയിൽ നിന്നിറങ്ങിയ അച്ഛൻ എന്താണ് ചെയ്യാൻ പോകുന്നതെന്നറിയാതെ കിങ്ങിണി എന്നെ നോക്കി. പുറകിലിരിക്കുന്ന ആ മൃഗത്തെ പുറത്തേക്ക് വലിച്ചിടാൻ ആ അച്ഛൻ പാടുപെടുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് വേണ്ട ശക്തി നല്കുക എന്നത് എന്റെ രണ്ടാമത്തെ ആവശ്യമായി പറയുവാൻ എനിക്ക് മറ്റൊന്നും തന്നെ ആലോചിക്കേണ്ടിയിരുന്നില്ല. പിന്നെ അധികം ഭാരപ്പെടാത്തെ അദ്ദേഹം ആ മൃഗത്തെ വലിച്ച് പുറത്തേക്കിട്ടു...

മദ്യം വല്ലാതെ തലക്ക് പിടിച്ച മൃഗം ആ മണ്ണിൽ കിടന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും വലിച്ചു കൊണ്ടുപോയി ആ മരത്തിൽ ചാരി നിർത്തിയ ശേഷം അദ്ദേഹം തന്റെ ഓട്ടോയിൽ കരുതിയിരുന്ന കയറെടുത്തുകൊണ്ടുവന്ന് ആ മൃഗത്തെ അതിൽ കെട്ടിയിട്ടു. മൃഗത്തിന്റെ ഷർട്ട് വലിച്ചു കീറിയെടുത്ത് വായിൽ തിരുകി കയറ്റി വച്ചുകൊണ്ട് അതിന്റെ ശബ്ദവും ബന്ധിച്ചു. വണ്ടിയിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്ത് ആ മൃഗത്തെ കുളിപ്പിച്ച ശേഷം അരികിലുള്ള കല്ലിൽ ചെന്നിരുന്നു. മൃഗത്തിന്റെ ലഹരി വിട്ട് സുബോധം വരാനുള്ള കാത്തിരിപ്പായിരുന്നു പിന്നെ...

ബോധം തെളിയുമ്പോൾ വെയിലാറിതുടങ്ങിയിരുന്നു. കണ്ണുകൾ തുറന്ന് ചുറ്റും നോക്കുന്നത് കണ്ട അവൻ ആളെ തിരിച്ചറിയുന്നുണ്ടോ എന്നറിയാനെന്നപോലെ അദ്ദേഹം അവന്റെ മുന്നിൽ ചെന്നു നിന്നു. ആളെ തിരിച്ചറിഞ്ഞ അവൻ അദ്ദേഹത്തെ അസഭ്യം പറയുന്ന പോലെ അവ്യക്തമായ sശബ്ദങ്ങൾ ഉണ്ടാക്കികൊണ്ട് ആ കെട്ടിൽ നിന്നും മോചിതനാകുവാൻ ശ്രമിച്ചു നോക്കി. നീണ്ട ആ ശ്രമം പരാജയപ്പെട്ടപ്പോൾ തളർന്ന് അവശതയോടെ അവൻ നിശ്ചലനായി നിന്നു...

അരികിൽ ചെന്ന് അവനിട്ടിരിക്കുന്ന അടിവസ്ത്രം താഴേക്കിറക്കി അദ്ദേഹം തന്റെ അരയിൽ കരുതിയ കത്തിയെടുത്തു. എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിലാക്കിയ അവൻ പേടിയോടെ കണ്ണുരുട്ടി ആ ബന്ധനത്തിൽ നിന്നുകൊണ്ട് ആകെയൊന്ന് പിടഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം അവന്റെ ലിംഗം മുറിച്ചെടുത്ത് ദൂരേക്ക് എറിഞ്ഞു. ഒന്ന് കരയാൻ പോലും ആകാതെ ആ മൃഗം കണ്ണുകൾ ഇറുക്കി ഒരു മൃഗത്തെ പോലെതന്നെ മൂളി കരഞ്ഞുകൊണ്ടിരുന്നു...

വേദനയിലാണ്ടു നിൽക്കുന്ന അവന്റെ ശരീരത്തിലൂടെ അദ്ദേഹം ആ കത്തിയുടെ തുമ്പുകൊണ്ട് തലങ്ങും വിലങ്ങും കോറി വരച്ചു. അങ്ങനെ ദേഹമാസകലം ചുവന്ന വരകളോടെ അവൻ അവിടെ നിന്ന് നീറി. അല്പ്പം കഴിഞ്ഞ് അദ്ദേഹം വണ്ടിയിലെ ടൂൾ ബോക്സിൽ നിന്നും പ്ലയർ എടുത്ത് അവന്റെ ഓരോ നഖങ്ങളും വലിച്ച് പറിച്ചെടുത്തു. അനുഭവിക്കുന്ന വേദനയുടെ അളവ് അങ്ങനെ അവനിൽ കൂടി കൂടി വന്നു. തന്റെ മകളെ വേദനിപ്പിച്ചതായ അവനിലെ ഓരോന്നും ആ അച്ഛൻ എടുക്കുകയായിരുന്നു...

യാന്ത്രികമെന്ന പോലെ, മനസ്സിൽ വ്യക്തമായി ഉറപ്പിച്ച കാര്യങ്ങൾ ചെയ്യുന്നത് പോലെ, പരിചയ സമ്പന്നനായ ഒരു മെക്കാനിക്ക് വണ്ടിയുടെ ഓരോരോ ഭാഗങ്ങൾ അഴിക്കുന്നത് പോലെ ആ അച്ഛൻ അങ്ങനെ ഓരോന്ന് ചെയ്തുകൊണ്ടിരുന്നു... സ്വന്തം തൊഴിൽ ചെയ്യുകയാണെന്ന ലാഘവത്തോടെ ചെയ്യുന്നതൊന്നും തെറ്റല്ല എന്ന ഭാവമായിരുന്നു അപ്പോൾ ആ മുഖത്ത്. അവസാനം ഒരു കുപ്പി ബാറ്ററി അസിഡിൽ അവനെ കുളിപ്പിച്ചു നിർത്തി. പ്രാണൻ പോകുന്ന പരുവത്തിൽ പുളഞ്ഞുകൊണ്ടുള്ള അവന്റെ നിൽപ്പും നോക്കി കൺചിമ്മാതെ അദ്ദേഹം അവിടെ അവന്റെ മുന്നിൽ നിന്നു...

സമയം സന്ധ്യയോടടുത്തപ്പോൾ അടുത്തൊരു വലിയ കുഴിയുണ്ടാക്കിയ ശേഷം അദ്ദേഹം ആ കല്ലിൽ വീണ്ടും കാത്തിരുന്നു. തന്റെ മകൾ മരിച്ചതുപോലെ ചോര വാർന്നുള്ള അവന്റെ മരണം സംഭവിക്കും വരെ. സൂര്യ ഗോളം മറയാൻ തുടങ്ങവേ ചലനമറ്റ ആ മൃഗം ചത്തോ എന്നൊന്നും നോക്കാൻ നിന്നില്ല സർവ്വ ശക്തിയും എടുത്തുകൊണ്ട് അദ്ദേഹം അവന്റെ മുഖത്ത് അടിച്ചു. ആ അടിയിൽ അവന്റെ വായിൽ തിരുകിയിരുന്ന തുണിക്കൊപ്പം രക്തവും ദീർഘ നിശ്വാസവും പുറത്തേക്ക്...

കെട്ടുകൾ അഴിച്ച് അവനെ വലിച്ചിഴച്ച് ആ കുഴിയിലേക്കിട്ട അദ്ദേഹം അവനായി ഒരുക്കി വെച്ചതും ഉപയോഗം കഴിഞ്ഞതുമായ ആ കത്തിയും കയറും ഉൾപ്പടെ എല്ലാം ആ കുഴിയിലേക്കിട്ട് മൂടി. എല്ലാം കഴിഞ്ഞു നിൽക്കുമ്പോൾ എല്ലാം ശുഭം എന്നറിയിക്കുന്നതുപോലെ അവിടെ പെയ്‌ത മഴയിൽ അദ്ദേഹം കുളിച്ചു. മകളെ നഷ്ടപ്പെട്ട വേദന അടക്കിപ്പിടിച്ചിരുന്ന അച്ഛൻ ആ നിമിഷം അലറി കരഞ്ഞുകൊണ്ട് അതുവരെ പൊഴിക്കാതെ പിടിച്ചുവെച്ച കണ്ണീരും അവിടെ പൊഴിച്ചു. ആ മഴയിൽ അവിടെ എല്ലാം അങ്ങനെ കെട്ടടങ്ങുകയായിരുന്നു...

കുറെ കാലങ്ങൾക്ക് ശേഷം അന്ന് ഏറെ സമാധാനത്തോടെ ഉറങ്ങുന്ന അച്ഛനെ കണ്ട കിങ്ങിണിയും ഞാനും സന്തോഷിച്ചു. ജീവിതം അറിഞ്ഞുതുടങ്ങും മുന്നേ പൊഴിഞ്ഞ കുഞ്ഞിന് അപ്പോഴും എന്തിനാണ് ആ മൃഗം തന്നെ കൊന്നതെന്ന കാര്യത്തിൽ വലിയ ദാരണയില്ലായിരുന്നു. ഇന്നുകൂടിയെ കിങ്ങിണി എന്റെ കൂടെയുള്ളൂ നാളെ കിങ്ങിണി പോകും. നാളെയാണല്ലോ കിങ്ങിണിക്കുവേണ്ടി ചെയുന്ന മൂന്നാമത്തെ കാര്യമെന്ന് ഓർക്കുകയായിരുന്നു ഞാനപ്പോൾ...

പുലർച്ചെ എഴുന്നേറ്റ അദ്ദേഹം പോലീസ് സ്റ്റേഷനിൽ പോയി താൻ തന്റെ മകൾക്ക് വേണ്ടി ചെയ്ത കാര്യം ഏറ്റുപറയാനുള്ള ഒരുക്കത്തിലായിരുന്നു. ചെയ്തത് തെറ്റാണെന്ന് തോന്നിയിട്ടല്ല. നിയമത്തിന് കഴിയില്ലെങ്കിൽ വേണ്ട മകളെ കൊന്നവനുള്ള ശിക്ഷ കൊടുക്കുവാൻ ഒരു അച്ഛന് കഴിയുമെന്ന് സമൂഹത്തെ അറിയിക്കാൻ വേണ്ടിയായിരുന്നു. പെൺമക്കളുടെ മേൽ കൈവെക്കുന്ന ഓരോ മൃഗങ്ങൾക്കും ഓർമ്മ വരണം പേടിക്കേണ്ടത് നിയമത്തെയല്ല ഇങ്ങനെ ഒരാൾ അവർക്കുണ്ടാകും, അയാൾ വരും, അയാളിൽ നിന്നും ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ല, അയാൾ ക്രൂരമായിതന്നെ കൊല്ലും എന്നൊക്കെയാവണം... 

അർത്ഥമില്ലാത്ത ജീവിതമെന്ന അവസ്ഥയിൽ യാതൊന്നിനും മൂല്യം തോന്നുകയില്ലെന്നതുകൊണ്ട് എല്ലാം ഉപേക്ഷിച്ചാണ് അന്ന് അദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങിയത്. ഉറച്ച തീരുമാനത്തോടെയുള്ള ആ നടത്തത്തിനിടയിൽ എന്നും വണ്ടി നിർത്തി കാണിക്ക ഇടാറുള്ള ആ ഭണ്ഡാരത്തിന് മുന്നിൽ നിന്നുകൊണ്ട് അയാൾ തന്റെ കീശയിൽ എന്തെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞു. അതിനായ് എന്നപോലെ തോന്നിച്ച ആ ഒറ്റനാണയം അവിടെ നിക്ഷേപിച്ചു കൊണ്ട് അദ്ദേഹം ലക്ഷ്യത്തിലേക്ക് നടന്നു...

പിൻവിളി പോലെ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ ആ കാതുകളിലേക്ക് എത്തിയപ്പോൾ അത് തന്റെ തോന്നലാകാം എന്നുള്ള ചിന്തയായിരുന്നു അദ്ദേഹത്തിന്. അതങ്ങനെ വീണ്ടും വീണ്ടും കേട്ടപ്പോൾ അദ്ദേഹം ചുറ്റും ഒന്ന് ശ്രദ്ധിച്ചു. ആ ശബ്ദത്തെ പിന്തുടർന്നുള്ള തിരച്ചിലിനിടയിൽ അടുത്തുള്ള കുറ്റിക്കാട്ടിൽ വെളുത്ത തുണിയിൽ പൊതിഞ്ഞ പരുവത്തിലൊരു കുഞ്ഞ് കിടന്നു കരയുന്നത് അദ്ദേഹം കണ്ടു. അതിനടുത്തായി കുഞ്ഞിന് കാവലെന്നപോലെ ഒരു നായയും കൂടെ ഞാനും ഉണ്ടായിരുന്നു... 

ആ കുഞ്ഞിനെ എടുക്കുമ്പോൾ കിങ്ങിണിയിലൂടെ പണ്ട് താനൊരു അച്ഛനായ ആ നിമിഷം അദ്ദേഹം ഓർത്തുപോയി. സ്വപ്നമാണോ അതോ സത്യമോ എന്നറിയാതെയുള്ള ആ നിൽപ്പിൽ ആ കുഞ്ഞ് അദ്ദേഹത്തെ നോക്കി ചിരിച്ചു.. കിങ്ങിണിയെ പോലെ... ജീവിതത്തിന് അർത്ഥമുണ്ടെന്ന് തോന്നിയ ആ നിമിഷം അദ്ദേഹം ആ കൈക്കുഞ്ഞുമായി തന്റെ വീട്ടിലേക്ക് നടന്നു. അങ്ങനെ മൂന്നാമത്തെക്കാര്യമായ കിങ്ങിണിയുടെ പുനർജനനവും...

കുഞ്ഞു കിങ്ങിണിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഞാനവിടെ നിന്നും ദൈവത്തിന്റെ അടുത്തേക്ക് യാത്രയായി. കാലങ്ങളായുള്ള എന്റെ അലച്ചിലിൽ നിന്നും എനിക്ക് മോക്ഷം കിട്ടുമെന്ന പ്രതീക്ഷയോടെ... കിട്ടിയില്ലെങ്കിലും സാരമില്ല പെൺകുട്ടികൾ എന്നും എവിടെയും സുരക്ഷിതരായിരുന്നാൽ മതി.

Friday, March 1, 2019

46. തിരിച്ചറിഞ്ഞിട്ടും

ജീവിതചര്യകളിൽ ഉളവാകുന്ന മടുപ്പിൽ നിന്നും ഒരു മോചനം വേണമെന്ന് തോന്നുമ്പോഴെല്ലാം അയാൾ തനിച്ചൊരു യാത്രയെ കുറിച്ച് ചിന്തിക്കുമായിരുന്നു... പിന്നീട് അത് പല കാരണങ്ങളാല്‍ വേണ്ടെന്ന് വെക്കുകയാണ് പതിവ്... എന്നാൽ ഇത്തവണ അതിൽ ഒരു മാറ്റം വരുന്നതിന് മുമ്പേ അയാൾ അതിനായി ഇറങ്ങിതിരിച്ചു... സന്ന്യസിക്കുകയായിരുന്നില്ല അയാളുടെ ഉദ്ദേശം എങ്കിലും മറ്റൊന്നും ചിന്തിക്കാതെ, നിലവിലുള്ളതിനെയെല്ലാം വെടിഞ്ഞുള്ള ഒരു യാത്രയായിരുന്നു അയാളുടെ മനസ്സിൽ... ആ യാത്രയില്‍ ചെന്നെത്തേണ്ടതായ ഒരു ലക്ഷ്യസ്ഥാനം ഇല്ലാത്തതിനാല്‍ അയാൾ സമയവും ദിശയും മാർഗ്ഗവും നോക്കാതെ അയാൾക്ക് തോന്നിയപോലെയെല്ലാം സഞ്ചരിച്ചു... അങ്ങനെ ഓരോ ദിനരാത്രങ്ങളിലായി കുന്നും മലയും, നാടുകളും നഗരങ്ങളും താണ്ടി അയാൾ തന്റെ യാത്ര തുടർന്നു...

പിന്നിട്ട സമയവും ദൂരവും തന്ന യാത്രാനുഭവങ്ങളിൽ പലതും അയാൾക്ക്‌ ആദ്യാനുഭവങ്ങളും, പുതിയ തിരിച്ചറിവുകളുമായിരുന്നു... തിരിച്ചറിവുകൾ നല്ല ചിന്തകൾക്ക് വഴിയൊരുക്കി, നല്ല ചിന്തകൾ അയാളിലെ നന്മയെ വളർത്തി... ചുരുക്കി പറഞ്ഞാൽ അയാൾ മെല്ലെ ഒരു പച്ച മനുഷ്യനെന്ന നിലയിലേക്ക് മാറുകയായിരുന്നു... പച്ച മനുഷ്യൻ എന്ന് പറയുമ്പോള്‍ തരം തിരിക്കാവുന്ന തരത്തിൽ ഒന്നിന്റേയും അടയാളങ്ങൾ ഇല്ലാത്ത, ആരുടേയും പ്രതിനിധിയെന്ന ലക്ഷണങ്ങള്‍ ഇല്ലാത്ത വെറും ഒരു മനുഷ്യൻ... അയാൾക്ക്‌ ആരോടും അസൂയയോ, വിരോധമോ, വിദ്വേഷമോ ഇല്ല... ആരേയും തോൽപ്പിക്കണമെന്നില്ല, ഉപദ്രവിക്കണമെന്നില്ല, ഒന്നും ഒട്ടും നേടണമെന്നുമില്ല! അതുകൊണ്ടുതന്നെ തിരക്ക് എന്നത് അയാൾക്ക്‌ തീരെ ഇല്ലാതെയായി... ഏതു നേരവും പ്രാർത്ഥിച്ചിരുന്ന അയാൾക്ക് അപ്പോൾ 'ദൈവം' എന്നത് ആവശ്യമില്ലാത്ത ഒന്നായി തീർന്നിരുന്നു... മനുഷ്യന് അതിന്റെ ആവശ്യം ഇല്ലെന്നു തന്നെ അയാൾ അഭിപ്രായപ്പെട്ടു...

യാത്രക്കിടയില്‍ കണ്ടറിഞ്ഞ ഓരോ കാഴ്ച്ചകളിൽ നിന്നും അയാൾ മനസ്സിലാക്കി ജീവിതം എല്ലാവരിലും വ്യത്യസ്തമാണ്... എന്തിന് ജീവിക്കുന്നു എന്നറിയാത്തവരാണ് അതിൽ അധികവും... യാന്ത്രികമായ ജീവിതം നയിക്കുന്നവർ എന്തിനോ അത് അതുപോലെ ഇന്നും തുടരുന്നു... ചിലർ എങ്ങനെ ജീവിക്കണം എന്ന് മറ്റുള്ളവരെ പഠിപ്പിക്കാനുള്ള തിരക്കിലാണ്... അവരും ജീവിക്കുന്നില്ലെന്നതാണ് സത്യമെന്ന് അയാൾ മനസ്സിലാക്കി... ശരിയും തെറ്റും തിരിച്ചറിയൂ എന്ന് പറഞ്ഞവർ ചെയ്യുന്നതിൽ അധികവും തെറ്റുകള്‍ തന്നെ എന്ന ശരി അയാൾക്ക് രസകരമായി തോന്നി...

ഒന്നും ചെയ്യാത്ത, ചെയ്യേണ്ടതില്ല എന്നുള്ള മട്ടിലിരിക്കുന്ന കുറേ പാഴ്ജന്മങ്ങളാകട്ടെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറയുന്ന കൂട്ടത്തില്‍ തന്നെ കുറിച്ച് പറയുന്നതും അയാൾ കേട്ടു... ചിലർ മനുഷ്യാവകാശങ്ങൾ നേടിയെടുക്കാനുള്ള കഠിനമായ പ്രയത്നത്തിലാണ്... തനിച്ചു കിട്ടിയപ്പോള്‍ തള്ളി തിമിർത്തവരും, കൂടെ നടന്ന് ഉപദേശം വിളമ്പിയവരും മാത്രമാണ് യാത്രാവേളയിൽ അയാളെ വെറുപ്പിച്ചത്... അവരോട് മാത്രം അയാൾക്ക് കുറച്ച് മുഖം കറുപ്പിക്കേണ്ടിവന്നു... അല്ലെങ്കിലും സ്വയം എന്തൊക്കെയോ ആണെന്നുള്ള തോന്നലുള്ളവർക്ക് മറ്റുള്ളവരെ കാണുമ്പോള്‍ ഈ ഉപദേശം, പുച്ഛം, കളിയാക്കൽ, ചൊറിച്ചില്‍, അവരുടെ കാര്യങ്ങളിലേക്കുള്ള കടന്നു കയറ്റം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാറുണ്ടെന്നത് അയാൾക്ക് നേരത്തേ അനുഭവം ഉണ്ടായിരുന്നു...

ആളെ കാണുമ്പോഴുള്ള ലക്ഷങ്ങള്‍ നോക്കി എന്താ എന്തിനാ എന്നൊന്നും ഊഹിക്കാനാവാതെ ആവശ്യം എന്തെന്ന് തിരക്കി പലരും പലപ്പോഴായി അയാളെ സമീപിച്ചു... ആദ്യമെല്ലാം അവരിൽ നല്ല സഹായ മനസ്ക്കത കണ്ടുവെങ്കിലും പിന്നീടാണ് അയാൾക്ക്‌ മനസ്സിലായത് അത് അവരുടെ ഉപജീവനമാർഗ്ഗം മാത്രമായിരുന്നുവെന്ന്... 'എന്താണ് അന്വേഷിക്കുന്നത്? എന്ത് വേണമെങ്കിലും പറഞ്ഞോളൂ എന്തിനും നമ്മുടെ അടുത്ത് ആളുണ്ട്' എന്നായിരുന്നു അവരുടെയെല്ലാം പൊതുവായ സംഭാഷണം... 'ആവശ്യം കള്ളോ കഞ്ചാവോ അതോ പെണ്ണോ?' എന്ന ഒറ്റ ചോദ്യം ഒരു മടിയും കൂടാതെ മുഖത്ത് നോക്കി ചോദിച്ചവരിൽ പലരും അയാളേക്കാളും വളരെ പ്രായം കുറഞ്ഞവരായിരുന്നു... അത് മൂന്നും മാത്രമാണോ മനുഷ്യന് അത്യാവശ്യം എന്ന്, അതു കേട്ടപ്പോള്‍ അയാൾ സംശയിച്ചു പോയി...

പിന്നെ സ്വന്തം ശരീരം വിൽക്കാൻ ഉള്ളതാണ് എന്ന് പറയാതെ പറഞ്ഞ സ്ത്രീകള്‍, വയസ്സുകൾ നിരത്തി തന്റെ കയ്യിൽ പല പ്രായത്തിലുള്ള പെൺ ശരീരം ഉണ്ടെന്ന് പറഞ്ഞ് പിടിച്ചു നിർത്താൻ ശ്രമിച്ചവർ, എങ്ങനെ ജീവിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കാന്‍ വന്നവർ, സ്വർഗ്ഗത്തിലേക്ക് പോകാൻ ഞങ്ങളുടെ കൂടെ ചേരൂ എന്ന് നിർബന്ധിച്ചവർ, ബാല്യത്തിൽ ശീലിച്ച യാചിക്കൽ വിടാതെ വളർന്ന കൗമാരത്തിലും കൈ നീട്ടിയവർ... അയാൾക്ക് അത് മറ്റൊന്നിനും വേണ്ടിയുള്ള സമയമല്ല എന്നതുകൊണ്ട് എല്ലാവരുടേയും മുന്നിൽ ഒന്നും ഇല്ലെന്നും, ഒന്നും വേണ്ടെന്നുമുള്ള മട്ടിൽ ഒരു പുഞ്ചിരിയാൽ മറുപടി നൽകി കൊണ്ട് അയാൾ മുന്നോട്ട് നടന്നു... 'എന്താ നിങ്ങൾ ഇങ്ങനെ?' എന്ന് അവർ ഓരോരുത്തരോടും ചോദിക്കാന്‍ തോന്നിയെങ്കിലും അങ്ങനെ ചോദിക്കുന്നവരോട് പറയാൻ അവർ കരുതി വച്ചേക്കുന്ന അവരുടേതായ ഒരു ന്യായം എപ്പോഴും അവരുടെ ഉള്ളിൽ ഉണ്ടാകുമെന്ന് അയാൾക്ക് അറിയാമായിരുന്നു...

ആ അലച്ചിലെന്ന യാത്ര ഉണ്ടാക്കിയ വിശപ്പിൽ അയാൾ കണ്ടത് അതുവരെ കാണാത്തതും കഴിക്കാത്തതുമായ ഭക്ഷണങ്ങളായിരുന്നു... എത്രയെത്ര വിഭവങ്ങൾ... എല്ലാം കഴിക്കാവുന്നതാണ് പക്ഷെ കഴിച്ചതുകൊണ്ട് എന്ത് ഗുണമെന്ന് അത് ഉണ്ടാക്കുന്നവനും കഴിക്കുന്നവനും അറിയില്ല... ഗുണങ്ങൾ കളഞ്ഞെടുത്ത വെറും പിണ്ഡമാണ് കഴിക്കാൻ ഒരുക്കിയിരിക്കുന്നതിൽ അധികവും... അതിലാണെങ്കിൽ ആവശ്യമില്ലാത്ത കുറേയേറെ നിറങ്ങളും... എന്നിട്ടും ആളുകൾ എന്തെന്നില്ലാതെ എല്ലാം വാങ്ങി കഴിക്കുന്നതാണ് ഉണ്ടാക്കുന്നവനുള്ള പ്രോത്സാഹനം... വിഭവങ്ങളെ അയാൾ മോശമെന്ന് വിലയിരുത്തി, ഭക്ഷണം തൽക്കാലം വേണ്ടെന്നുവച്ച് തന്റെ യാത്ര തുടർന്നു...

കണ്‍മുന്നില്‍ കണ്ട കാഴ്ച്ചകളിൽ അയാൾ ശ്രദ്ധിച്ചു ആരും എവിടേയും ക്ഷമയോടെ അടങ്ങി നിൽക്കുന്നില്ല... എല്ലാവരിലും കാണുന്നു ഒരു തിരക്ക്... ഇല്ലെങ്കിലും ഉണ്ടെന്ന് കാണിക്കേണ്ടത് തിരക്കിന്റെ കാര്യത്തിലും ഒരു അനിവാര്യതയാണ് എന്ന പോലെ എല്ലാവരും അത് നല്ലപോലെ കാണിക്കുന്നുണ്ടായിരുന്നു... എവിടേക്ക് എന്തിന് എന്നൊന്നും ഇല്ലാത്തെ ഒരു വലിയ വൃത്തത്തിനുള്ളിലെന്നപോലെ കിടന്ന് കറങ്ങുകയാണ് പലരും... എന്തെങ്കിലും അതിനിടയിൽ വീണുകിട്ടും, കിട്ടിയാലോ എന്നൊക്കെയുള്ള പ്രതീക്ഷകളുമായി... മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇര തേടി അലയുന്ന മൃഗങ്ങളെ പോലെ... അതിൽ കളവും ചൂഷണവും സ്വന്തം മിടുക്കാണെന്ന് സ്വയം അഭിമാനിക്കുന്നവർ ധാരാളം ഉണ്ടായിരുന്നു...

ശരീരം വിൽക്കുന്നത് മാന്യമായ പണിയല്ലേ? അല്ലെന്ന് ആരാ പറഞ്ഞേ എന്ന് ചോദ്യം ചെയ്തു തല്ലാൻ വരുന്നവരും കുറവല്ല... പൊതുവെ മൂന്ന് ലക്ഷ്യങ്ങളാണ് അവിടെ ചുറ്റുമുള്ള കണ്ണുകളിൽ അയാൾ കണ്ടത്... അന്നന്നത്തെ അന്നം, മരുന്ന്, ലഹരി... അതിൽ ലഹരിയാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് അയാൾക്ക്‌ തോന്നി... അതിനായി എന്തും ചെയ്യാൻ തയ്യാറായി ഓടി നടക്കുന്നവരെ കണ്ടാൽ ആർക്കും അങ്ങനെ തോന്നും... ഇന്നലെയും നാളെയും ഇല്ലാത്ത അന്നന്നത്തെ ജീവിതം നയിക്കുന്നവർക്കിടയിൽ നിന്നും അയാൾ എവിടേക്കെന്നില്ലാതെ പിന്നേയും യാത്ര തുടർന്നു...

അന്വേഷണങ്ങളും സംശയങ്ങളും പലരോടും ചോദിച്ചുവെങ്കിലും മുഖത്തുപോലും നോക്കാതെയാണ് അവർ മറുപടി തന്നത്... അവരുടെ മുഖം ഒന്ന് കാണാൻ കഴിഞ്ഞില്ലെന്ന് തന്നെ പറയാം കാരണം കണ്ണുകൾ എടുക്കാനാവാത്ത വിധം അവരത് ചെറുതും വലുതുമായ സ്ക്രീനുകളിൽ നട്ടിരിക്കുകയായിരുന്നു. മുഖത്ത് നോക്കി സംസാരിക്കുന്ന കാലമെല്ലാം കഴിഞ്ഞിരിക്കുന്നു എന്ന് അയാൾക്ക് സ്വയം ബോധ്യപ്പെട്ടു... വഴികൾ സ്വയം കണ്ടെത്തിയത് പ്രകാരമായിരുന്നു എങ്കിലും വാഹനങ്ങൾ റോഡിന്റെ അവകാശം അവർക്ക് മാത്രമെന്ന് പറഞ്ഞ് അയാളെ അതിലേ വഴിനടക്കാൻ സമ്മതിച്ചില്ല... പ്രത്യേകിച്ച് ആഡംബര കാറുകൾ...

എങ്ങും ഒന്ന് നിൽക്കാൻ പോലും അയാൾക്ക്‌ പറ്റിയില്ല... കടയുടമകൾ പലരും അവരുടെ കടയുടെ മുന്നിൽ നിന്നും മാറി നിൽക്കാൻവരെ ആവശ്യപ്പെട്ടു... ഒന്ന് ഇരുന്ന് വിശ്രമിക്കാൻ തോന്നിയപ്പോൾ കണ്ടത് ശാന്തമായ അന്തരീക്ഷമുള്ള കുറേ ആരാധനാലയങ്ങളായിരുന്നു... പക്ഷെ ചട്ടങ്ങളും, നിബന്ധനകളും, ഉയർന്നു വന്ന ചോദ്യങ്ങളും അവിടേക്ക് അടുക്കാൻ സമ്മതിച്ചില്ല... അത് അത്രയും മനുഷ്യന് ഉപകാരമില്ലാത്ത ഇടങ്ങളായി അയാൾക്ക്‌ തോന്നി... എല്ലായിടത്തും എല്ലാത്തിനും അവകാശികൾ ഉണ്ട് അവർക്കിടയിൽ നല്ല തർക്കങ്ങളും ഉണ്ട്...

വിജനതയിലേക്ക് എത്തിയതും അവിടെ നല്ല ശുദ്ധവായുവും സുഗന്ധവും അയാൾ അറിഞ്ഞു തുടങ്ങി. നഗരത്തേക്കാൾ ഭേദം ഗ്രാമം തന്നെയെന്ന് അയാളും പറഞ്ഞു... യന്ത്രാരവങ്ങളുടെ കുറവ് തന്നെ വല്ലാത്ത ആശ്വാസമായിരുന്നു അയാൾക്ക്‌... പക്ഷെ അവിടെ കാണുന്നവരെല്ലാം ഒരു കള്ളനെ നോക്കുന്ന ഭാവത്തിലായിരുന്നു അയാളെ നോക്കിയത്... ചില നാട് വരുത്തനോട് കാണിക്കുന്ന വേർതിരിവ് പോലെ സംശയങ്ങളും, ചോദ്യങ്ങളും നിറഞ്ഞ ആ നോട്ടങ്ങളിൽ അയാൾ അസ്വസ്ഥനായി... എങ്കിലും ഏറെ വർഷങ്ങൾക്ക് ശേഷം ശുദ്ധമായ വെള്ളവും, നാടൻ ഭക്ഷണവും ആസ്വദിച്ചു കഴിക്കാൻ കഴിഞ്ഞ സന്തോഷത്തോടെ അയാൾ അവിടെ നിന്നും യാത്ര തുടർന്നു...
ആളുകളും യന്ത്രങ്ങളും അകന്നപ്പോൾ കുഞ്ഞു ജീവികളുടെ ശബ്ദം അയാൾ കേൾക്കാൻ തുടങ്ങി... ബാല്യത്തിൽ കേട്ട ആ ശബ്ദങ്ങൾ അയാൾക്ക്‌ വല്ലാത്ത അതിശയമാവുകയായിരുന്നു... ഇതൊക്കെ ഇപ്പോഴും ഉണ്ടോ എന്നൊരു അവിശ്വസനീയതയും... എന്തൊക്കെയോ തിരിച്ചു കിട്ടി എന്ന് അയാൾക്ക് അപ്പോൾ തോന്നി... തണലും തണുപ്പും കൂടെ ഇരുട്ടും അറിഞ്ഞു തുടങ്ങിയപ്പോൾ അയാൾ തിരിച്ചറിഞ്ഞു അയാൾ നിൽക്കുന്നത് ഒരു കാടിനുള്ളിലാണ്... അവിടത്തെ അവകാശികൾ അവകാശം പറയുകയാവില്ല ആക്രമിച്ചു കാണിക്കുകയാവും ചെയ്യുക എന്നോർത്തപ്പോൾ അയാൾ അറിയാതെ ദൈവത്തെ വിളിച്ചു തുടങ്ങി...

അടുത്ത നിമിഷം അയാളിലെ ചിന്തകൾ അവിടെനിന്നും നേരെ പുറകിലേക്കായിരുന്നു... അയാൾ പെട്ടെന്ന് ഓർത്തു ഫെബ്രുവരി 28 കഴിഞ്ഞു കാണുമോ?... ദൈവമേ ആ വസ്തുവിന് അഡ്വാൻസ് കൊടുക്കാമെന്ന് പറഞ്ഞ ദിവസമായിരുന്നു, അത് മറ്റാരെങ്കിലും കൊണ്ടുപോകുമോ, അങ്ങനെ ആരെങ്കിലും കൊണ്ടുപോയാൽ ദൈവമേ അവൻ നശിച്ചു പോകണേ... പിന്നെ മറ്റൊന്നും ഓർക്കാതെ അയാൾ വേഗം തിരിച്ചു നടന്നു... പുതിയ ബെൻസിന്റെ സർവീസ് ഡേറ്റ് കഴിഞ്ഞിട്ടുണ്ടാകും... അയാൾക്ക് ടെൻഷൻ ആയി, ആകെ പരവശനായപ്പോൾ കുടിക്കാൻ തണുത്ത ഒരു കോള കിട്ടിയിരുന്നെങ്കിൽ, ഒരു സിഗരറ്റ് കിട്ടിയെങ്കിൽ എന്നൊക്കെ അയാൾ ആശിച്ചു... കണ്ണുകൾ ചുറ്റുപാടുകൾ കാണാതെയായി, കാതുകൾ കേൾക്കാതെയും. ആ അവസ്ഥയിൽ എന്തൊക്കെയോ പിറുപിറുത്ത് ആരെയൊക്കെയോ ശപിച്ചുകൊണ്ട് നിൽക്കാതെ ഓടുകയായിരുന്നു അയാൾ...


ഇടക്ക് ഒരു നിമിഷം അയാളിലെ തിരിച്ചറിവുകൾ നേടിയ അയാൾ അയാളിൽ നിന്നും മാറി നിന്നുകൊണ്ട് തിരക്കിട്ടു ഓടുന്ന അയാളോട് പറഞ്ഞു 'നീ അടക്കമുള്ള മനുഷ്യർ മണ്ടന്മാരാണ്... ജീവിക്കാൻ മറന്നുപോകുന്ന തിരുത്താനാവാത്ത മരമണ്ടന്മാർ.' അതൊന്നും കേൾക്കാൻ നിൽക്കാതെ അയാൾ ഓടി... ഇനിയും വെട്ടിപ്പിടിക്കാനുള്ള അടങ്ങാത്ത ആവേശത്തോടെ... ആ ഓട്ടത്തിനിടയിൽ അയാൾ എന്നെ ഒന്ന് നോക്കിയ നിമിഷം ഞാൻ ആകെ വല്ലാതെയായി, എനിക്കപ്പോൾ ഞാനൊരു കണ്ണാടിയിൽ നോക്കും പോലെയായിരുന്നു... അയാൾക്ക് എന്റെ അതേ മുഖച്ഛായയായിരുന്നു.

Wednesday, August 22, 2018

45. ഈ നാട്ടില്‍


ഇതുവരെയുള്ള അനുഭവങ്ങൾക്കിടയിൽ ഏറെ വ്യത്യസ്തമായി നിൽക്കുന്നു സദ്ദാംഹുസൈന്‍റെതായിരുന്ന ആ മണ്ണിൽ നിന്നുള്ള അനുഭവങ്ങൾ. സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ആ നാട് അങ്ങനെ കാണാനാവുമെന്ന്. ഒരു ആറു മാസം അവിടെ ജോലി ചെയ്യാൻ പറഞ്ഞുകൊണ്ട് കമ്പനി അയച്ചു തന്ന ടിക്കറ്റും വിസയുമായി ഞാൻ അവിടേക്ക് പോകാൻ ഒരുങ്ങിയ ദിവസം ആ നാട്ടിലെ സ്ഫോടന പരമ്പരകളുടെ ഫോട്ടോ സഹിതമുള്ള വാർത്തകളാണ് അന്നത്തെ പത്രത്തിൽ കണ്ടത്. എന്നിട്ടും നീ എന്തേ പോയി എന്നു ചോദിച്ചാൽ ഞാൻ അങ്ങനെയാണ്...

അവിടെ ചെന്നപ്പോൾ കണ്ടത് അറബിക്കഥകളിൽ പേരും പ്രശസ്തിയും പ്രൗഢിയും എടുത്തു പറഞ്ഞ നാട് ആകെ നശിച്ച് ദാരിദ്ര്യത്തിൽ മുങ്ങി നിൽക്കുന്ന ദയനീയ കാഴ്ച്ചയായിരുന്നു. എവിടെ നോക്കിയാലും എന്തെന്ന് തിരിച്ചറിയാനാവാത്ത തരത്തില്‍ തകർന്നു കിടക്കുന്ന എന്തൊക്കെയോ. സുരക്ഷയുടെ ഭാഗമായി ആയുധ ധാരികളായ യോദ്ധാക്കളുടെ അകമ്പടിയോടെയുള്ള യാത്ര മുന്‍പരിചയം ഉള്ളതായിരുന്നുവെങ്കിലും ഇറങ്ങിയ വശം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടതു മുതൽ അവിടെ നിന്നും പോരുന്നത് വരെയുള്ള ഓരോ നിമിഷങ്ങളും എനിക്ക് ഓരോ പുതിയ അനുഭവ-പഠങ്ങളായിരുന്നു...

കഴിക്കാൻ രണ്ട് തക്കാളിയുമായി ഒരു പകൽ മുഴുവൻ ജോലി ചെയ്യാൻ വരുന്നവർ. സാഹചര്യങ്ങളാൽ തോക്കുകളേയും വെടിയുണ്ടകളേയും ഏറെ അടുത്ത് പരിചയപ്പെടെണ്ടിവന്നവർ. ബോംബ് സ്ഫോടനങ്ങൾ സിനിമയിൽ മാത്രം കണ്ടിട്ടുള്ളവർക്ക് അത് എന്താണ് എങ്ങനെയാണ് എന്നെല്ലാം സ്വന്തം അനുഭവത്തിൽ നിന്നും പറഞ്ഞു കൊടുക്കുന്നവർ. 53ഉം 55ഉം ഡിഗ്രിയെത്തുന്ന ചൂടിനെ പ്രതിരോധിക്കാൻ കഴിവില്ലാതെ കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ അവസ്ഥ പറഞ്ഞു കരഞ്ഞവർ. വിലയേറിയ എണ്ണ പാടങ്ങൾ എത്ര ഉണ്ടായിട്ടും കാര്യമില്ല ജീവിക്കാൻ വേണ്ട അനിവാര്യതകൾക്ക് അത് തെല്ലും ഉതകില്ല എന്നൊക്കെ അവിടെ നേരിൽ കണ്ടറിഞ്ഞു...

ദയനീയതകൾ ഓരോന്നും കണ്ടും കേട്ടും മരവിച്ചു നിൽകുമ്പോൾ ഒന്നും നഷ്ട്ടപ്പെടാൻ ഇല്ലാത്തവരുടെ ചിരിയും സന്തോഷവും ആ മുഖങ്ങളിൽ കാണാമായിരുന്നു. അവർക്ക് ഉപകാരപ്പെടുന്ന വിധം വെള്ളവും വെളിച്ചവും ഇല്ല. വരുമാനത്തിനായുള്ള ജോലികൾ ഇല്ല. കഴിക്കാനെന്ന് പറയാൻ എന്തെന്നില്ല. അടുത്ത തലമുറക്കായി എന്താണ് ഉള്ളത് എന്നതിന് ഉത്തരമില്ല. ചെറിയ തർക്കങ്ങളിൽ പോലും തോക്കുകൾ ഇടപെടുന്നു, നിറയൊഴിക്കുന്നു...

ഓരോന്നിന്റെയും ഇല്ലായ്മയിൽ എങ്ങനെ എന്ന് മനസിലാക്കാൻ കണ്മുന്നിലെ ആ ഓരോ കാഴ്ച്ചയും പാഠങ്ങൾ ആയിരുന്നു. ഭീകരമെന്നോ, ദയനീയമെന്നോ, കഷ്ട്ടമെന്നോ പറയാവുന്ന ഒരു അവസ്ഥയിലേക്ക് നാട് എത്തിയിട്ടും അവിടെ മണ്ണടിയാത്ത നിൽക്കുന്ന ശേഷിപ്പുകൾ പഴയ പ്രൗഢിയോടെയും പ്രതാപത്തോടെയും പറയുന്നു ഒരു കാലത്ത് ഞങ്ങൾ ആരായിരുന്നുവെന്നും.. എന്തായിരുന്നുവെന്നും.. എങ്ങിനെയായിരുന്നുവെന്നും...

എന്തിന്‍റെ പരിണിത ഫലമാണ് അവർ അനുഭവിക്കുന്നതെന്ന് എനിക്കറിയില്ല. തമ്മിൽ തല്ലി ഇന്ന് ഒന്നും ഇല്ലാതായതും, മറ്റുള്ളവർ അവരെ പറ്റിച്ചതും അതിന് ഓരോ കാരണങ്ങളാകാം. ഒട്ടനേകം ദുരനുഭവങ്ങൾ അടക്കമുള്ള യാഥാർഥ്യങ്ങൾ അനുഭവങ്ങളായപ്പോൾ ഇവർക്ക് ഇവരുടേതായ വിശ്വാസങ്ങളെ പോലും വിശ്വാസമില്ലാതായിരിക്കുന്നു. ഒരു വർഷത്തോളം എന്നും ഒരേ വേഷത്തിൽ പണിക്ക് വന്നവർ അവിടെ ഒരുപാടു പേരുണ്ടായിരുന്നു. അത് എന്തുകൊണ്ട് എന്ന് അവരോട് ചോദിക്കേണ്ട കാര്യമില്ല കാരണം അവരെ അറിയുന്നവർക്ക് ഊഹിക്കാം അത് ഇടാൻ വേറെ ഇല്ലാഞ്ഞിട്ടാണെന്ന്...

ജോലി ചെയ്തു ക്ഷീണിക്കുമ്പോൾ മണ്ണിൽ വട്ടം കൂടിയിരുന്ന് കഴിക്കാൻ കൊണ്ടുവന്ന റൊട്ടികൾ എടുത്ത് നടുക്ക് വെക്കും.. അതും മണ്ണിൽ തന്നെ. ഓരോരുത്തരായി അതിൽ നിന്നും കുറേശേ കീറി എടുത്ത് മണ്ണ് തട്ടി കഴിക്കുമ്പോഴും അവർ ചിരിയും കളിയുമാണ്. ആ സമയം കണ്ടാൽ കഴിക്കാൻ അവരോടൊപ്പം കൂടാൻ നമ്മളെയും അവർ സ്നേഹത്തോടെ വിളിക്കും. അഹങ്കരിക്കുന്ന സമൂഹം ഒന്ന് കാണേണ്ടതാണ് അവിടെ കാണുന്ന പലതും. വിഭവങ്ങൾ ഒരുക്കി വെച്ച മേശകളും വിളമ്പിയതിലെ പോരായ്മകളും രുചിയിലെ കുറ്റങ്ങളും കുറവുകളും അവർക്ക് ഇല്ല...

ഓഫീസ് സ്റ്റാഫുകളിൽ ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും ഇന്ത്യക്കാരോട് അവർ ഒരു ഇഷ്ട്ടവും ആദരവും കാണിക്കാറുണ്ട്. ചിലർ ഹിന്ദി പാട്ടുകൾ പാടി കേൾപ്പിക്കാറുണ്ട്. മറ്റുള്ളവർ കുറവായി കാണുന്ന അവരുടെ ജീവിത സാഹചര്യങ്ങളിൽ അവർ തൃപ്തിരാണെന്ന് ആ സന്തോഷമുള്ള മുഖങ്ങൾ എപ്പോഴും പറയുന്നു. ഒരു പക്ഷെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു, എല്ലാം ശീലമായി എന്നൊക്കെയുള്ള അവസ്ഥയിൽ എത്തിയതിനാൽ ആകാം...

പല രാജ്യങ്ങളിൽ പല രാജ്യക്കാരോടൊപ്പം ജോലി ചെയ്തിട്ടുണ്ടെങ്കിലും കാണുന്ന എല്ലാവരേയും 'ബ്രദർ' എന്ന് വിളിക്കുന്ന സമത്വ-സ്നേഹ-ആദരവ് അത് അവിടെ മാത്രമേ ഞാൻ കണ്ടിട്ടുളൂ. നമ്മുടെ നാട്ടിൽ സായിപ്പ് പറഞ്ഞു പഠിപ്പിച്ച പോലെ 'സർ' എന്ന് വിളിക്കാൻ ആവശ്യപ്പെടുന്നവരെ പുച്ഛത്തോടെ ഓർത്തുപോയിട്ടുണ്ട് ഞാനാ നിമിഷങ്ങളിലെല്ലാം...

അവിടെ ഇനിവരുന്ന തലമുറകളെ ഓർക്കുമ്പോൾ ഒരു ശൂന്യതയാണ്. ഇന്ന് ഇപ്പോൾ ഉള്ളവർ തന്നെ എന്തിന് ജീവിക്കുന്നു എന്നത്തിനു ഉത്തരം പറയാൻ ഇല്ലാത്തവരാണ്. വിദ്യഭ്യാസം എന്നൊന്ന് അവിടെ ഇനി ഉണ്ടാകുമോ. കുഞ്ഞു കരങ്ങൾ പോലും പണിയെടുത്തുതുടങ്ങി. ശരിയായി പണിയെടുക്കാത്തവരെ വഴക്ക് പറയുമ്പോൾ അവർ ക്ഷമ ചോദിച്ച് കെഞ്ചുന്നത് കണ്ടിട്ടുണ്ട്. പറഞ്ഞു വിടരുത് കുഞ്ഞുങ്ങൾ പട്ടിണിയാകും എന്നൊക്കെ പറയുന്നതും. ലോകത്തിലെ ഏറ്റവും സമ്പന്നർ ആകാനുള്ളത്രയും വിഭവ സമ്പത്ത് ഇവരുടെ ആ മണ്ണിനടിയിൽ ഉണ്ടായിട്ടും അവർക്ക് യോഗമില്ല എന്നപോലെയാണ് എല്ലാ കാര്യങ്ങളും...

എന്നെങ്കിലും അവർ ഈ അവസ്ഥകളിൽ നിന്നും ഒന്ന് കരകയറുമോ ആവോ. അതിന് സാദ്ധ്യതകൾ ഇല്ലെന്നപോലെയാണ് എങ്കിലും പ്രാർത്ഥിക്കുന്നു ഞാനും. കാരണം എവിടെയുള്ളവർ എങ്ങനെ ഉള്ളവർ എന്നല്ലലോ എവിടെ ആയാലും ആരായാലും അവരും മനുഷ്യര ല്ലേ. നല്ലപോലെ ജീവിക്കാൻ അർഹതയുള്ളവരല്ലേ. എന്നെങ്കിലും ഈ നാടിനെ കുറിച്ചുള്ള നല്ല വാർത്തകൾ കേൾക്കാനാകും എന്ന ഒരു പ്രതീക്ഷ എന്നിൽ ഞാൻ ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ട്.

Tuesday, August 7, 2018

44. അവൻ



ഇറാഖിലെ ബസ്ര എന്ന സ്ഥലം.. അവിടത്തെ പൊള്ളുന്ന ചൂടത്ത് നിന്നുകൊണ്ടുള്ള ജോലികൾക്കിടയിൽ ഒന്ന് വിശ്രമിക്കണമെന്ന് തോന്നുമ്പോഴെല്ലാം അടുത്ത് കാണുന്ന ഏതെങ്കിലും ഒരു തണലു പിടിക്കും. പിന്നെ നേരം കളയാൻ എന്നപോലെ അവിടെ ഇരുന്ന് കാണുന്നവരോടൊക്കെ വെറുതെ എന്തെങ്കിലും സംസാരിക്കും. അത് ഏത് രാജ്യക്കാരനോട് ഏത് ഭാഷയിൽ എന്നൊന്നും ഇല്ല തോന്നുന്നതൊക്കെ അറിയാവുന്ന രീതിയി ചോദിക്കും, പറയും...


ഞാൻ മാത്രമല്ല എല്ലാവരും അങ്ങിനെയായിരുന്നു. അങ്ങനെ തമ്മിൽ പരിചയപ്പെട്ടവരാണ് അവിടെ മിക്കവരും. കാണുന്നത് അതേ നാട്ടുകാരെയാണെങ്കിൽ 'ഹബീബി..' എന്ന് വിളിച്ച് അങ്ങു തുടങ്ങും സംസാരം. ആ നാടിന്‍റെ ഇന്നത്തെ അവസ്ഥകൊണ്ട് മാത്രം അവരിൽ അധികവും കുട്ടികളാണ്. കുസൃതികൾ മാറിയിട്ടില്ലാത്തവർ എന്നു പറയാവുന്നവർ തന്നെ. അവർ അങ്ങനെ പണിയെടുക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും. പട്ടിണി ഇല്ലാതെ ജീവിക്കാൻ ഈ പ്രായത്തിൽ തന്നെ പണിയെടുക്കേണ്ടതായ അവസ്ഥയാണ് അവരുടേതെന്ന് അവർ തന്നെ പറയുന്നു. അവനും അതേ അവസ്ഥയിലുള്ള ഒരാളായിരുന്നു...


ഒരു ദിവസം വെയിലുദിക്കും മുമ്പേ അന്നത്തെ പണികൾ തീർക്കാമെന്ന തീരുമാനത്തോടെ ഇൻസ്‌പെക്ഷനു വേണ്ടി രാവിലെതന്നെ പ്ലാന്‍റിലേക്കിറങ്ങി. അവിടെ ഇൻസ്‌പെക്ഷൻ ഫോട്ടോസ് എടുക്കുന്ന സമയത്താണ് അവൻ എന്‍റെ അടുത്തുവന്ന് അവന്റെ ഒരു ഫോട്ടോ എടുക്കാമോ? എന്ന് ആംഗ്യത്തിൽ ചോദിച്ചത്. അന്നാണ് ഞാനവനെ ആദ്യമായി കാണുന്നതും. ആ നിഷ്കളങ്കമായ ആവശ്യത്തിന് മുന്നിൽ തെല്ലും മടിക്കാതെ ഞാനപ്പോൾ അവന്‍റെ ഒന്നുരണ്ട് ഫോട്ടോസ് എടുത്തു, അത് അവന് കാണിച്ചു കൊടുക്കുകയും ചെയ്തു. ആ മുഖത്ത് അപ്പോൾ കണ്ട സന്തോഷത്തിൽ എനിക്കും ഏറെ സന്തോഷം തോന്നി...


അവന്‍റെ അടുത്ത ആവശ്യം ആ ക്യാമറയിൽ അവന് എന്‍റെ ഒരു ഫോട്ടോ എടുക്കണം എന്നതായിരുന്നു. അത് കേട്ടപ്പോൾ ആദ്യം ഞാൻ ഒന്ന് സംശയിച്ചു 'അവൻ ക്യാമറയും കൊണ്ട് ഓടിപോയാലോ..' എന്നൊക്കെ. എന്നാലും എന്തോ അവന്‍റെ ആ കണ്ണുകളിൽ അങ്ങനെ ഒരു കള്ളത്തരം എനിക്കപ്പോള്‍ തോന്നിയില്ല! അതുകൊണ്ടുതന്നെ വേറെ ഒന്നും ചിന്തിക്കാതെ അവന്‍റെ ആഗ്രഹം പോലെ ഞാൻ ആ ക്യാമറ അവന്‍റെ കയ്യിൽ കൊടുത്തു. അവൻ അതുമായി കുറച്ച് നീങ്ങി നിന്ന് എന്‍റെ ഫോട്ടോ എടുത്തശേഷം ക്യാമറ തിരികേ തന്നുകൊണ്ട് ആ ഫോട്ടോ ഒന്ന് നോക്കാൻ പറഞ്ഞു. ഫോട്ടോ നോക്കിക്കൊണ്ട് "കൊള്ളാം നാന്നായിട്ടുണ്ട്.." എന്ന് ഞാൻ പറഞ്ഞപ്പോൾ നേരത്തേ കണ്ടതിനേക്കാൾ ഇരട്ടി സന്തോഷമായിരുന്നു ആ മുഖത്ത്...


അന്ന് സൈറ്റ് ഇൻസ്‌പെക്ഷൻ കഴിഞ്ഞ് തിരികെ ഓഫീസിൽ എത്തിയപ്പോൾ ആ സംഭവം ഞാൻ അവിടെയുള്ളവരുമായി പങ്കുവെച്ചു. അതുകേട്ട് അവർ എന്നോട് പറഞ്ഞു "എല്ലാവരും അവനേ പോലെ ആയിരിക്കില്ല.. ശ്രദ്ധിക്കണം.. അധികവും കള്ളന്മാരാണ് .." എന്നൊക്കെ. എന്തായാലും അതിനുശേഷം എന്നെ എവിടെവച്ച് കണ്ടാലും അവൻ എന്‍റെ അടുത്തുവരും, സുഖമാണോ എന്ന് ചോദിക്കും, ബാബ മമ്മ ബച്ച അങ്ങനെ ഓരോരുത്തരുടേയും വിശേഷം ചോദിക്കും, കുടിക്കാൻ തണുത്ത വെള്ളം തരും, അവൻ അവന്‍റെ കൂട്ടുകാരെ പരിചയപ്പെടുത്തും...


തിരിച്ചു ഞാനും തിരക്കുമായിരുന്നു അവന്‍റെ ഓരോ വിശേഷങ്ങളും. അങ്ങനെ ഒരു നല്ല അടുപ്പമായിരുന്നു അവനോട്. ചിലർ അങ്ങനെയാണ് നമുക്കു വേണ്ടിയുള്ള സന്തോഷമായി നമ്മുടെ മുന്നിൽ അവരിങ്ങനെ നിൽക്കും. ഒരു ജോക്കറെ പോലെ നമ്മളെ സന്തോഷിപ്പിക്കാനായി, ചിരിപ്പിക്കാനായി അവർ ശ്രമിച്ചുകൊണ്ടിരിക്കും. അങ്ങനെ നമ്മളിലൂടെ സ്വന്തം വിഷമങ്ങളെല്ലാം മറന്ന് അവരും സന്തോഷിക്കും. അവനും അങ്ങനെ ഒരാളാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ആ വികൃതി ചെക്കന് ഞാനിട്ട പേരാണ് "മോനായി" . ഞാൻ അങ്ങനെ വിളിക്കുന്നതും അവന് ഇഷ്ട്ടമായിരുന്നു. "കർബ മന്തിസ്" എന്നായിരുന്നു അവൻ എന്നെ വിളിച്ചിരുന്നത്...


പ്രൊജക്റ്റിന്റെ പ്രോഗ്രസ്സ് അനുസരിച്ച് കൂടിക്കൂടി വന്ന ജോലികളും അതുമായി ബന്ധപ്പെട്ട തിരക്കുകളുമായപ്പോൾ മാസങ്ങൾ അങ്ങനെ അതിവേഗത്തിൽ കടന്നുപോയി. എന്നും സൈറ്റിൽ കാണാറുള്ള പലരേയും നേരിൽ കാണുക വല്ലപ്പോഴും എന്നായി. ആയിടക്ക് ഒരു ദിവസം അവൻ ജോലി ചെയ്യുന്ന കമ്പനിയുടെ മുന്നിലൂടെ ഞാൻ നടന്നു പോകുന്ന സമയത്ത് ആ ഗേറ്റിന് മുന്നിൽ പതിവില്ലാതെ കറുത്ത നിറത്തിൽ ഒരു വലിയ ഫ്ലക്‌സ് വെച്ചിരിക്കുന്നത് കണ്ടു. അതിൽ ഒരു പരിചയമുള്ള മുഖവും...


ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോൾ അത് അവന്റെ ചിത്രമാണെന്ന് എനിക്ക് മനസ്സിലായി. എന്നാൽ അതിൽ എന്താണ് അറബിയിൽ എഴുതിയിരിക്കുന്നത് എന്ന് വായിക്കാൻ അറിയാത്തതുകൊണ്ട് അത് എന്താണെന്നറിയാൻ എന്നിലപ്പോൾ ഒരു ആകാംക്ഷയായിരുന്നു. അത് വായിക്കാൻ അറിയാവുന്ന ഒരാളെ കിട്ടാൻ ഞാനവിടെ ചുറ്റിലും നോക്കി. ആ സമയം ആ ഗേറ്റിലൂടെ പുറത്തേക്ക് വന്ന പ്രായമായ ഒരാൾ. അയാളുടെ അടുത്തേക്ക് ചെന്ന് ഞാനത് എന്താണെന്ന് തിരക്കി. അവൻ കൊല്ലപ്പെട്ടു... ദ്രോഹികൾ വെടിവെച്ചു കൊന്നു. ഇവിടെ ഇതൊക്കെ സാധാരണയാണ് എന്ന മട്ടിൽ വിശദീകരിക്കാൻ നിൽക്കാതെ ഒരു പൂവ് പറിച്ചെടുത്ത ലാഘവത്തോടെ അയാൾ അതങ്ങനെ വേഗം പറഞ്ഞവസാനിപ്പിച്ചു...


അവിശ്വസനീയത നിറഞ്ഞ ആ നിമിഷങ്ങളിൽ ഈ നാട്ടിൽ മനുഷ്യ ജീവന് ഇത്രയേ വിലയുള്ളൂ എന്ന് ഒരിക്കൽ ആരോ പറഞ്ഞു കേട്ടത് ഓർത്തുപോയി. എങ്കിലും അവൻ ഇനിയില്ല എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം. ആ സമയത്തെ ശാരീരികവും മാനസ്സികവുമായ മരവിപ്പോടെ ഞാനാ പോസ്റ്ററിലേക്ക് ഒന്നൂടെ ഒന്ന് നോക്കി. അവനപ്പോഴും എന്നെ നോക്കി ചിരിക്കുകയായിരുന്നു. ആദ്യമായി കണ്ട ദിവസം അവനിൽ ഞാൻ കണ്ട അതേ നിഷ്കളങ്കമായ ചിരി... 


അവനോട് അപ്പോൾ എന്ത് പറയണമെന്ന് അറിയാതെ ഞാനവിടെ അവനെതന്നെ നോക്കി നിന്നു. മൂകതയിൽ മുങ്ങി യാന്ത്രികമെന്ന പോലെ അവിടെ നിന്നും നടക്കുമ്പോൾ മനസ്സിൽ അവന്‍റെ ഓരോ തമാശകളും കളിയും ചിരിയും കുസൃതികളും വേദനിപ്പിക്കുന്ന ഓർമ്മകളായി നിറയുകയായിരുന്നു. ആ അവസ്ഥയിൽ ഓരോ നിമിഷങ്ങൾക്കും ദൈർഘ്യം കൂടുന്നതുപോലെ സമയം ഇഴഞ്ഞു...


അന്ന് ഓഫീസിൽ ഇരിക്കുമ്പോൾ നിനക്ക് ഇന്നെന്തുപറ്റി? എന്ന പലരുടേയും ചോദ്യത്തിന് മുന്നിൽ ഞാനത് അവരോട് പറയാൻ മടിച്ചു. മുമ്പ് ഞാൻ പറഞ്ഞു കേട്ട് അവർക്കെല്ലാം അവനെ അറിയാമല്ലോ എന്നോർത്തപ്പോൾ ഞാൻ അതും അവരോട് പറഞ്ഞു. പറഞ്ഞു കഴിയുന്നവരെ എന്‍റെ ശബ്ദം മാത്രമായിരുന്നു അവിടെ. അത് നിന്നപ്പോൾ പുറകേ കുറേ ദീർഘ നിശ്വാസങ്ങളും, ഇത്രയെ ഉള്ളൂ എല്ലാവരും എന്ന ഒരു ഓർമ്മപ്പെടുത്തലും...


ഒന്ന് എനിക്ക് ഉറപ്പാണ് നല്ല 'പെരുമാറ്റം' എന്ന ഒന്നിനാലാണ് ആളുകൾ നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നത്. അങ്ങനെ ഇടം പിടിച്ചവർ അവിടെ നിന്നും ഒരിക്കലും എവിടേക്കും പോവില്ല. അവർക്ക് അവിടെ മരണമില്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെയാണ് ഇന്നിപ്പോൾ അവനെ ഓർത്ത് ഇത് ഇങ്ങനെ എഴുതാനുള്ള ഒരു പ്രേരണ ഉണ്ടായതും. എഴുതിയതും...


ഇത് അവന് അറിയാത്ത ഭാഷയാണ് എങ്കിലും ഞാനിത് അവന് മാത്രമായി സമർപ്പിക്കുന്നു. അവന്‍റെ ആ സ്നേഹത്തിനും ആ ചിരിക്കും മുന്നിൽ... ആദരവോടെ, നിറഞ്ഞ സ്നേഹത്തോടെ...🌹 "നീ ഇങ്ങനെ ഒരു ഓർമ്മയായി എന്നും എന്‍റെ  കൂടെ ഉണ്ടാകും കാസിം... മറക്കില്ല ഞാൻ നിന്നെ.. ഒരിക്കലും..."

Sunday, March 25, 2018

43. കൈത്താങ്ങുകള്‍








“ടീച്ചര്‍ വിളിച്ച് മകളുടെ കല്ല്യാണം ക്ഷണിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി... “തീര്‍ച്ചയായും വരാം...” എന്നു പറഞ്ഞുകൊണ്ട് ഫോണ്‍ വെക്കുമ്പോള്‍ “പോണോ?” എന്ന് മനസ്സ് സ്വയം ചോദിച്ചു... പോകാന്‍ വല്ലാത്തൊരു മടി അപ്പോതന്നെ തോന്നി തുടങ്ങിയിരുന്നു... നിരാശയുടെ അങ്ങേയറ്റത്ത് നില്‍ക്കുന്നവന്‍റെ ഒരു മാനസ്സികാവസ്ഥയിലായിരുന്നു അന്ന്‍ ഞാന്‍... പഠിപ്പൊക്കെ കഴിഞ്ഞ് ഒരു ജോലിക്കായി അലഞ്ഞു മടുത്ത്, എന്നിലെ പ്രതീക്ഷകളെല്ലാം മങ്ങിതുടങ്ങിയ കാലം... “മോനെ നീ ഇത്രയൊക്കെ പഠിച്ചിട്ടും ജോലിയൊന്നും ശരിയായില്ലേ?... ജോലിക്കൊന്നും നോക്കുന്നില്ലേ?...” എന്നൊക്കെയുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും സ്ഥിരം ചോദ്യങ്ങള്‍ കേട്ടു കേട്ട് തലക്ക് ഭ്രാന്ത് പിടിച്ച് വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ മടിച്ചിരുന്ന കാലം... എവിടെക്കെങ്കിലും ഓടിപോയാലോ എന്ന്  പലവട്ടം ചിന്തിച്ചിരുന്നു അന്ന്... കയ്യിലാണെങ്കില്‍ പത്ത് പൈസയില്ല!.. ഈ കല്ല്യാണത്തിന് പോയാല്‍ അവിടെ കൂടെ പഠിച്ചവരേയും പഠിപ്പിച്ച മറ്റു ടീച്ചര്‍മാരേയും കണ്ടേക്കാം... അവരില്‍ നിന്നെല്ലാം ഇത്തരം ചോദ്യങ്ങള്‍ വന്നാല്‍... ജീവിതത്തില്‍ ഒന്നും ആയില്ലെന്ന നിരാശ അവിടെ എന്നെ വല്ലാതെ അലട്ടും, അവര്‍ക്ക് മുന്നില്‍ തോറ്റവനെപോലെ തലകുനിച്ച് നില്‍ക്കേണ്ടി വരും എന്നൊക്കെ എനിക്കു തോന്നി...

പണ്ട് ടീച്ചര്‍ടെ കൂടെ വല്ലപ്പോഴും ക്ലാസ്സില്‍ വരാറുള്ള ഒരു വികൃതി കുട്ടിയായിരുന്നു ടീച്ചറുടെ മകള്‍... ആ നല്ല ഓര്‍മ്മകളില്‍ എന്തോ അവളുടെ വിവാഹത്തില്‍ പങ്കെടുക്കണം എന്നൊരു വല്ലാത്ത ആഗ്രഹവും അപ്പോള്‍ എന്നിലുണ്ടായിരുന്നു... കൂട്ടായി ഒരാള്‍ കൂടെ വന്നാല്‍ പോകാമെന്നായി... അതിന് അന്ന് കൂടെ പഠിച്ച പലരെയും വിളിച്ചു നോക്കി... അവരില്‍ പഠിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതുകൊണ്ട് നേരത്തേ പഠിപ്പെല്ലാം അവസാനിപ്പിച്ച് വേറെ പണിനോക്കിയ ചങ്ങാതിമാര്‍ക്കെല്ലാം നിന്ന്തിരിയാന്‍ സമയമില്ലെന്ന പോലത്തെ പണി തിരക്കാണെന്ന് പറഞ്ഞു... കൂട്ടത്തില്‍ നന്നായി പഠിച്ചിരുന്നവര്‍ക്കാണെങ്കില്‍ അതിനേക്കാള്‍ വലിയ ജോലി തിരക്കും ഒഴിവാക്കാനാവാത്ത യാത്രകളും... ഇവര്‍ രണ്ട് കൂട്ടരിലും പെടാതെ അത്യാവശ്യത്തിന് മാത്രം പഠിച്ചിരുന്ന എനിക്കുമാത്രം ഇന്ന് ഒരു തിരക്കും ഇല്ലെന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ നിരാശനാക്കി... പഠിക്കുമ്പോള്‍ ഒന്നുകില്‍ നന്നായി പഠിക്കണം അല്ലെങ്കില്‍ ഏറ്റവും മോശമായി... ഇതിനു ഇടയിലായാല്‍ ഇതാ അവസ്ഥയെന്ന് അന്നെനിക്ക് മനസ്സിലായി...

എന്തായാലും  വേണ്ട! കല്യാണത്തിന് പോകണ്ട!... അത് ശരിയാവില്ല! എന്നുറപ്പിച്ചു... ടീച്ചര്‍ എനിക്കെന്നും എന്‍റെ അമ്മയെപോലെയാണ്... ആ സ്നേഹത്തിനു മുന്നില്‍ അമ്മയോടെന്നപോലെ ഞാന്‍ എല്ലാം പറയാറുമുണ്ട്... കല്ല്യാണത്തിന് വാരാതിരുന്നതിനു കാരണം പറയാന്‍ ഞാന്‍ വിളിച്ചപ്പോള്‍ ടീച്ചര്‍ പറഞ്ഞു... “എനിക്കെല്ലാം മനസ്സിലാകും... സാരമില്ല!... എല്ലാത്തിനും ഒരു സമയമുണ്ട്... ഒക്കെ ശരിയാകും... വിഷമിക്കണ്ട!..” അതെനിക്കൊരു സാന്ത്വനമായിരുന്നു... ചില നിമിഷങ്ങളില്‍ ചിലര്‍ പറയുന്ന ചിലവാക്കുകള്‍ അതിലൂടെ അവര്‍ പകരുന്ന ശക്തി അതിന്‍റെ സ്വാധീനം വളരെ വലുതാണ്‌... ടീച്ചറുടെ ആ വാക്കുകള്‍ പിന്നീട് സത്യമായപ്പോള്‍ എല്ലാത്തിനും ഒരു സമയമുണ്ടെന്ന സത്യം ഞാനും മനസ്സിലാക്കി... അങ്ങനെ ജീവിതത്തില്‍ പലപ്പോഴായും ടീച്ചറുള്‍പ്പടെ പ്രായഭേദമന്ന്യേ പലരും മുന്നോട്ടുള്ള യാത്രക്ക് ശക്തിയേകി കൈപിടിച്ച് ഉയര്‍ത്തിയിട്ടുണ്ട്... അവരെയെല്ലാം ഞാനിന്ന് ഇവിടെ പ്രത്യേകം ഓര്‍ക്കുന്നു... മറന്നിട്ടില്ല ഞാനാരേയും... മറക്കാനാവില്ല എനിക്കോരിക്കലും...”

Saturday, February 17, 2018

42. യാത്ര


ജീവിത യാഥാർത്ഥ്യങ്ങൾക്കിടയിൽ കിടന്ന് മനസ്സ് മരവിച്ചു തുടങ്ങിയെന്ന് തോന്നുമ്പോഴെല്ലാം അതിൽ നിന്നൊരു മോചനത്തിനായി ഞാനൊരു യാത്ര പോകാറുണ്ട്. ജോലിയും, തിരക്കും, ഫോണും മാറ്റിവച്ച് പ്രകൃതി ജീവിക്കുന്നിടത്തേക്ക് ഒരു യാത്ര. ഒരു തരം ഒളിച്ചോട്ടം തന്നെ. അതിന് സമയമായി എന്ന് തോന്നുന്ന നിമിഷം ആരുമറിയാതെ, ആരോടും പറയാതെ അതിന് മാത്രമായി ഒരുക്കിവച്ചിരിക്കുന്ന ആ ബാഗെടുത്ത് ഞാനിറങ്ങും...

നേരം നോക്കി ആ വഴിക്കുള്ള ബസ്സ് പിടിക്കാറാണ് പതിവ്. എല്ലാം കണ്ടറിഞ്ഞ് യാത്ര ചെയ്യാവുന്നതു കൊണ്ട് എനിക്കതാണ് ഇഷ്ടം. അതില്ലെങ്കിൽ മാത്രം കിട്ടിയ വണ്ടിയില്‍ കയറി പോകും. പച്ചപ്പിനിടയിലൂടെ വളവും തിരിവും, കുന്നും മലയും കയറിയങ്ങനെ ദൂരങ്ങൾ താണ്ടി പ്രകൃതിയുടെ മനോഹാരിതയിലേക്ക് ചേക്കേറാനുള്ള പോക്കാണത്. സത്യത്തിൻ എല്ലാം മറക്കാനായി മനസ്സിനേയും ശരീരത്തേയും ഒരുമിച്ച് ഒരിടത്തേക്ക് ഞാനങ്ങനെ കൊണ്ടു പോവുകയാണ്...

സ്ഥലം എത്താറാകുമ്പോഴേക്കും പച്ച പടർപ്പിലേക്ക് മെല്ലെ കോടയിറങ്ങുന്നത് കണ്ടു തുടങ്ങും. രാമേട്ടന്റെ ചായക്കടയുടെ മുന്നിലാണ് എല്ലാ തവണയും വണ്ടിയിറങ്ങുക. രാമേട്ടനോട് കുറേ നാളുകൾക്ക് ശേഷം കണ്ടതിന്റെ കുശലം പറഞ്ഞിരുന്ന് രണ്ട് ചായയും കുടിച്ച് അവിടെ നിന്നും മെല്ലെ നടക്കും...

പണ്ട് രാമേട്ടനെ ഞാൻ ആദ്യമായി കാണുമ്പോള്‍ കാഴ്ച്ചയിൽ ആള് എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ആളിപ്പോഴും, യാതൊരു മാറ്റവും ഇല്ല. ആ നാടിന്റെ പരിശുദ്ധിയിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരെല്ലാം അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവരെന്നും അവരുടെ നാട് പോലെ തന്നെ നിത്യ ഹരിതം...

മുകളിലേക്ക് ആ വഴി വണ്ടികൾ വളരെ അപൂർവ്വമാണ്. നടക്കാൻ ദൂരം കുറച്ചുണ്ട് എങ്കിലും ക്ഷീണം തോന്നില്ല. നടന്നെത്തുമ്പോൾ ഒരു സ്വപ്നക്കൂട് പാതി മഞ്ഞിൽ മറഞ്ഞു നിൽക്കുന്ന കാഴ്‌ച കാണാം. അതങ്ങനെ കാണുന്ന നിമിഷം ഉളളിൽ ലക്ഷ്യം കണ്ട പ്രതീതിയാണ്...

സ്വപ്നക്കൂട് എന്ന് ഞാനിട്ട പേരാട്ടോ. അതൊരു പഴയ വീടാണ്. മനുഷ്യനെ മടിയനാക്കുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത, നിറങ്ങൾ പൂശാത്ത ഒരു കുഞ്ഞു വീട്. എനിക്ക് ജീവനുണ്ട് ഞാൻ ജീവിക്കുന്നുണ്ട് എന്നൊക്കെ എനിക്ക് തോന്നാറുള്ളത് അവിടെയെത്തുമ്പോഴാണ്...

അങ്ങനെ കൈകൾ നന്നായി തിരുമി ചൂടാക്കി നടന്ന് ലക്ഷ്യത്തിലെത്തി കഴിഞ്ഞാൽ ഞാനാദ്യം അവിടെ എന്റെ പ്രിയപ്പെട്ട മുല്ലയെ നോക്കും. കൊണ്ടു നട്ട നാളിലെല്ലാം വലിയ ക്ഷീണവും തളർച്ചയും വാട്ടവുമൊക്കെയായിരുന്നു. കാലാവസ്ഥ പിടിക്കാത്ത പോലെ. പിന്നെ പിന്നെ ഉഷാറായി. എന്നാലും പൂവിടാൻ വലിയ മടിയാണവൾക്ക്. പൂവിട്ടാൽ അത് ആ പരിസരം മുഴുവൻ അറിയിക്കുകയും ചെയ്യും. എന്തായാലും ആ രാത്രിയിലേക്ക് വിരിയാനൊരുങ്ങി നിൽക്കുന്ന കുറച്ച് മുട്ടുകളെങ്കിലും അവളിൽ എല്ലാ തവണയും കാണാറുണ്ട്...

ബാഗിൽ നിന്നും താക്കോൽ എടുത്ത് വാതിൽ തുറന്നാൽ അകമാകെ അന്ന് പൂട്ടിയപ്പോൾ കണ്ട അതേ കോലമായിരിക്കും. കഴിഞ്ഞ വരവിന്റെ തുടർച്ചയെന്ന പോലെ തോന്നിക്കും ആ കാഴ്‌ച. മിക്കപ്പോഴും സന്ധ്യ പിന്നിട്ട് ഇരുട്ട് പടർന്നു തുടങ്ങിയ സമയത്താകും അവിടെയെത്തുക....

വന്ന വേഷം മാറി പുറകുവശത്തെ ആ കുഞ്ഞരുവിയിലെ തണുത്ത വെള്ളത്തിൽ നന്നായൊന്നു കുളിച്ചു തോർത്തിയാൽ പുതിയൊരു മനുഷ്യനായി. പിന്നെ വിശപ്പിനു കൂടെ കരുതിയ ലഘു ഭക്ഷണം കഴിച്ച് ദാഹത്തിന് ഒരു കുപ്പി പൊട്ടിച്ച് അൽപ്പം അതും അകത്താക്കിയാൽ കൂടണഞ്ഞ ഒരു കളിയെ പോലെ സ്വസ്ഥം.. സുഖം...

രാത്രിക്ക് എന്നും നല്ല തണുപ്പാണവിടെ. മൂടി പുതച്ച് അതില്ലാതാക്കാൻ നിൽക്കാറില്ല. ഉള്ളിലെത്തിയ മദ്യം ശരീരത്തിന് വേണ്ട ചൂട് പകരാറുണ്ട്. അങ്ങനെ അവിടെ ഒറ്റക്കിരുന്ന് ഓരോ ചിന്തയിൽ മുഴുകുന്ന നേരത്താവും മിക്കപ്പോഴും നല്ല മുല്ലപ്പൂവിന്റെ മണം വരിക. അപ്പോൾ പുറത്തേക്കിറങ്ങി ആ പടിയിൽ ചെന്നിരുന്നാൽ അവിടെ ആ മുറ്റത്ത് ഓർമ്മകൾ ഒരോന്നായിറങ്ങി നടനമാടുകയായി...

ആടുന്നതത്രയും ഇന്നലെകളാണ്. കഥ എന്നിലെ നേട്ടങ്ങളുടേയും നഷ്ടങ്ങളുടേയും. അവിടെ നിന്നും ഒരു ദീർഘനിശ്വാസത്തോടെ എണീറ്റ് ഉള്ളിൽ എരിയുന്ന നഷ്ട ബോധത്തെ കുപ്പിയിലെ മരുന്നൊഴിച്ച് കെടുത്തിയാൽ പിന്നെ ആ തറയിൽ ഉറക്കത്തെ കാത്തു കൊണ്ട് ഒരു കിടപ്പാണ്. കാലം കുറേയായിട്ടുള്ള 'എല്ലാം മറന്നുളള ഒരു ഉറക്കം' എന്ന കൊതിയുമായിട്ടാണ് ആ കിടപ്പ്. ദാസേട്ടന്റെ പാട്ടുകൾ അപ്പോഴും കൂട്ടിനെന്ന പോലെ കൂടെ കാണും...

അവിടെ ഉറങ്ങുന്നതും, നേരം പുലരുന്നതും ഞാനറിയാറില്ല. പതിവില്ലാത്ത കിളിനാദങ്ങൾ കേട്ടായിരിക്കും മിക്കപ്പോഴും ഉറക്കമുണരുന്നത്. അപ്പോഴും സമയമെത്രയായെന്ന് ഒരു നിശ്ചയവും കാണില്ല. സമയം നോക്കാതെയുള്ള ജീവിതം, എന്തും തോന്നുന്ന പോലെ തോന്നുന്ന സമയത്ത്. അതാണ് സ്വാതന്ത്ര്യം എന്നൊക്കെ തോന്നിപോകാറുണ്ട്...

എണീറ്റ് മുഖമൊക്കെ കഴുകി ഒരു വഴിപാട് പോലെ ഒന്നൂടെ ഒന്നൊഴിച്ച് അതും കുടിച്ച്, മടിച്ചിട്ടാണെങ്കിലും അരുവിയിലെ തണുത്ത വെള്ളത്തിലേക്കിറങ്ങി അകത്തും പുറത്തും വെള്ളമെന്ന അവസ്ഥയിൽ കുറച്ച് നേരം ചിലവിടുമ്പോൾ വല്ലാത്തൊരു സുഖമറിയാറുണ്ട്...

പിന്നെ നല്ല കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി കുടിച്ച ശേഷം ആ പരിസരമൊക്കെ കാണാൻ ഇറങ്ങി നടക്കും. ഗന്ധർവ്വൻ വന്ന് പോയ പോലെ ആകെ ഒരു പുകമയമാണ് അപ്പോൾ. സൂര്യതാപം എന്നാൽ തണുപ്പാണ് എന്ന് തോന്നിക്കുന്ന കാലാവസ്ഥയും. അടുത്തുള്ള തോട്ടങ്ങളിലെ പച്ചക്കറികളിൽ പലതും വിളവെടുക്കാൻ പാകമായി നിൽക്കുന്നത് കാണാം...

ചെറിയ ഓറഞ്ച് തൈകളിൽ വരെ നിറയെ ഓറഞ്ച്. നല്ല പഴുത്ത പേരക്കയും, ക്യാരറ്റും, സ്ട്രോബെറിയും പറിച്ച് കഴിക്കുമ്പോൾ സ്വയം മനസ്സിലാക്കും ഈ "ഫ്രഷ്" എന്ന് പറഞ്ഞാൽ ഇതാണ് അല്ലാതെ സൂപ്പർ മാർക്കറ്റിൽ അങ്ങനെ എഴുതി വച്ചിരിക്കുന്നിടത്ത് കിട്ടുന്നതല്ല! എന്നൊക്കെ. മുമ്പ് എത്രയോ തവണ വന്നിരിക്കുന്നു എന്നാലും അവിടത്തെ കാഴ്ച്ചകളെല്ലാം എന്നും ഒരു പുതുമ തോന്നിപ്പിക്കും...

അവിടമാകെ കറങ്ങി തിരിഞ്ഞു വന്നാലുടനെ ഒരു കോഫി പതിവുണ്ട്. അതും നുകർന്ന് വീടിന്റെ ജനലിലൂടെ താഴ്വാരം നോക്കി നിൽക്കാൻ നല്ല രസമാണ്. ആ കാഴ്ച്ചക്കും ഇന്നും ഒരു മാറ്റമില്ല. വിദൂരതകൾ അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ടാകും. അതേ നിൽപ്പിലാണ് മുമ്പ് മനസ്സിൽ ഓരോന്നായി ഞാൻ എഴുതി തുടങ്ങിയത്. പിന്നീട് പലപ്പോഴായി അതെല്ലാം പേപ്പറിലേക്ക് പകർത്തി എഴുതുകയായിരുന്നു. എന്തെന്നില്ല തോന്നിയതെല്ലാം എഴുതി. ഒന്നും മറന്നു പോകാതിരിക്കാൻ എന്നപോലെ...

'ഇവനിവിടെ ഇങ്ങനെ ഒറ്റക്ക്... ഇവനെന്താ ഭ്രാന്താണോ?' എന്ന് കാണുന്നവർക്കും, കേൾക്കുന്നവർക്കും, ഇതറിയുന്നവർക്കും തോന്നിയേക്കാം എന്ന തോന്നലിൽ ഈ സ്ഥലത്തെ പറ്റിയും, ഈ യാത്രയെ പറ്റിയും ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്റെ ഈ ലോകം കാണിച്ച് കൊടുക്കാൻ പറ്റിയ ഒരാളേയും ഞാനിതുവരെ കണ്ടിട്ടില്ലെന്നതാ സത്യം...

ഇത് എന്നിലെ ഒരു ഭ്രാന്താണെങ്കിൽ അത് അതുപോലെ കുറച്ചെങ്കിലും ഇതേ പ്പറ്റി കേൾക്കുന്നവർക്കും വേണം. വേണ്ടേ? വേണം! എന്നാലേ ഇതിലെല്ലാം ഞാനെന്തറിയുന്നുവെന്ന് അവർക്കറിയാനാവൂ എന്നാണ് എനിക്ക് തോന്നാറുള്ളത്. എന്നാലും ഇടക്ക് ചിന്തിക്കാറുണ്ട് ഈ യാത്രയിൽ കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്. ഹേയ് വേണ്ട!.. എന്ന് അപ്പോ തന്നെ മനസ്സ് പറയും...

ശരീരവും മനസ്സും തണുത്തു കഴിഞ്ഞാൽ തേടി വന്നത് വേണ്ടുവോളം കിട്ടിയ പോലെയാണ്. ഇനി മടങ്ങാമെന്ന് അപ്പോൾ തോന്നും. യാത്ര പറയാൻ എനിക്കവിടെ ആ മുല്ല മാത്രമേ ഉള്ളൂ. അവളെ തലോടി ഇറങ്ങുമ്പോൾ വീണ്ടും കോടയിറങ്ങാനുള്ള സമയമായികാണും. രാമേട്ടനെ കണ്ട് ഒരു ചായ കൂടി കുടിച്ച്, "ഇനിയെന്നാ?" എന്ന ചോദ്യത്തിനുള്ള മറുപടിയോടെ "രാമേട്ടാ കാണാട്ടോ.." എന്ന് യാത്ര പറഞ്ഞ് അവിടെ നിന്നും തിരിക്കും. മനസ്സ് നിറയെ പോസിറ്റീവ് എനർജിയായിട്ടാണ് ആ മടക്കം...

കണക്കുകൾ.. എന്തിനെന്നില്ലാത്ത തിരക്കുകൾ... പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും തേടിയുളള അലച്ചിലുകളും നിറഞ്ഞ ടൈംടേമ്പിൾ ജീവിതത്തിലേക്ക് വീണ്ടും ചെല്ലുമ്പോൾ അവിടെയെല്ലാം കൂളായി നിൽക്കാൻ ഒരു പരിധിവരെ ഈ യാത്രയുടെ ഉന്മേഷം എന്നെ സഹായിക്കാറുണ്ട്...

ഇനിയും അങ്ങനെ ആ സ്വപ്നക്കൂട്ടിൽ ചേക്കേറാനുള്ള സമയമായി എന്ന് മനസ്സ് പറയുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞാനിപ്പോൾ. എന്നിലെ എന്റെ ലോകത്തിലേക്കുള്ള അടുത്ത ഒരു യാത്രക്കായി. പ്രകൃതിയുടെ മടിത്തട്ടിൽ കുറച്ചു നേരം എനിക്ക് ഞാനായി ജീവിക്കാൻ.

Saturday, January 28, 2017

41. ആ ദിവസം...


“അന്ന് ഞാന്‍ പതിവിലും നേരത്തെ ഉറക്കമുണര്‍ന്നു... ശുദ്ധ വായുവിനായി കിടക്കയില്‍ നിന്നും എഴുന്നേറ്റ് മുറിയുടെ ജനല്‍ പാളികള്‍ തുറന്നതും നല്ല തണുത്ത കാറ്റ്... നല്ലൊരു ഉന്മേഷം തോന്നി... പിന്നെ നിന്ന് നേരം കളയാതെ വേഗം മുഖം കഴുകി, ട്രാക്ക്സ്യുട്ടും ഷൂസും വലിച്ചു കേറ്റി പതിവുപോലെ ഞാന്‍ നടക്കാന്‍ ഇറങ്ങി... മുറ്റമാകെ നനഞ്ഞു കിടക്കുന്നു... നല്ല തണുത്ത അന്തരീക്ഷം... രാത്രിയില്‍ നല്ല മഴപെയ്തിട്ടുണ്ട്... വീണ്ടും അടുത്തൊരു മഴക്കായുള്ള ഒരുക്കങ്ങള്‍ അപ്പോഴും അവിടെ കാണാനുണ്ടായിരുന്നു... എന്തായാലും കുളിരുന്ന ആ പ്രഭാതം നല്ലൊരു ദിവസത്തിന്‍റെ തുടക്കമായിരിക്കും എന്ന് ഞാന്‍ പ്രത്യാശിച്ചു...

മുറ്റത്തുനിന്നും റോഡിലേക്കിറങ്ങി വീടിന്‍റെ ഗേറ്റ് പൂട്ടുമ്പോള്‍ ഞാനെന്‍റെ കൊച്ചു വീടിനെ വെറുതെ ഒന്ന് നോക്കി... പതിവില്ലാതെ എന്നെയും നോക്കി നില്‍ക്കുകയായിരുന്നു അപ്പോള്‍ എന്‍റെ  സ്വപ്നക്കൂട്... പ്രിയപ്പെട്ടവനെ യാത്രയാക്കാന്‍ വാതില്‍ക്കല്‍ വന്നു നില്‍ക്കുന്ന ഒരുവളെ പോലെ... കൊള്ളാം നല്ല ഭാവന എന്ന് സ്വയം വിലയിരുത്തികൊണ്ട് ഞാന്‍ അന്നത്തെ നടത്തം തുടങ്ങി... ദിനചര്യയുടെ ഭാഗമായി മാറിയ മുടങ്ങാതെയുള്ള ആ നടത്തം ആരോഗ്യപരമായ ആവശ്യത്തിന് അന്നെനിക്ക് അനിവാര്യമായിരുന്നു...

മഴ കാരണം അന്ന് പ്രകൃതി അതിരാവിലെ കുളിച്ചൊരുങ്ങി സുന്ദരിയായിട്ടുണ്ടായിരുന്നു... കുളിപ്പിച്ചു നിര്‍ത്തിയ കരിവീരന്‍റെ നിറമായിരുന്നു അന്ന് റോഡിന്... അതിന്‍റെ അരികിലൂടെയാണ് എന്‍റെ നടത്തം... മഴ കഴുകി വൃത്തിയാക്കിയ ചുറ്റുമുള്ള പച്ചിലകളുടെ നിറവും തിളക്കവും അന്ന് വളരെ ആകര്‍ഷണീമായിരുന്നു... ആ വഴിക്ക് നടക്കുമ്പോള്‍ പതിവായി കാണാറുള്ള കാഴ്ച്ചകള്‍ക്കെല്ലാം പതിവില്ലാത്ത പ്രത്യേകതകള്‍ ഞാനന്ന് കണ്ടു... അതിനിടെ മഴ വീണ്ടും മെല്ലെ ചാറി തുടങ്ങി... നടത്തത്തിന് അതൊരു തടസ്സമായി തോന്നിയില്ല! കാരണം ഞാനതിനെ എനിക്കായി പെയ്യുന്ന മഴയായികണ്ട് മുന്നോട്ട് നടക്കാന്‍ തീരുമാനിക്കുകയായിരുന്നു... കുട്ടികാലത്ത് അങ്ങനെ മഴ നനയുക ഒരു വിനോദമായിരുന്നെങ്കിലും അതങ്ങനെ വീണ്ടും കുറെയേറെ കാലങ്ങള്‍ക്ക് ശേഷമായിരുന്നു... ഇന്നെന്താ ഇങ്ങനെ കുറെ പ്രത്യേകതകള്‍ തോന്നുന്നത് എന്ന ഒരു ചിന്ത എനിക്കിന്ന് എന്തുപറ്റി എന്ന ഒരു അതിശയോക്തിയിലേക്കും എന്നെയെത്തിച്ചു...

അങ്ങനെ മഴയത്തും നിര്‍ത്താതെ തുടര്‍ന്ന നടത്തം ഞാനന്ന്‍ ഏറെ ആസ്വദിച്ചു... കുറച്ച് കഴിഞ്ഞപ്പോള്‍ നടത്തത്തിന് മെല്ലെ താളം തെറ്റുന്നപോലെ ഒരു തോന്നല്‍... നടക്കുമ്പോള്‍ ശരീരത്തിന്‍റെയും മനസ്സിന്‍റെയും വേഗവും താളവും എന്നും എപ്പോഴും ഒരുപോലെയായിരുന്നു... അതില്‍ പെട്ടെന്നുണ്ടായ ഒരു മാറ്റം എന്നെ അസ്വസ്ഥനാക്കി... ആ അവസ്ഥയില്‍ അവിടെ നിന്നും മുന്നിലേക്ക് ഏതാനും അടികള്‍ മാത്രം... പിന്നെ ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ ആരോ എന്നെ പിടിച്ചു നിര്‍ത്തിയതുപോലെ ഞാനവിടെ നിന്നു... ആ നില്‍പ്പില്‍ മുകളിലേക്ക് നോക്കിയപ്പോള്‍ വളര്‍ന്നു പന്തലിച്ച ഒരു വലിയ മരം എനിക്ക് മുകളില്‍ ഒരു കുടപോലെ... അതിന്‍റെ ശിഖരങ്ങളില്‍ നിന്നും ഇലകളില്‍ നിന്നും മഴ തുള്ളികള്‍ പൊഴിയുന്നുണ്ടായിരുന്നു... അതിലേതാനും തുള്ളികള്‍ എന്‍റെ മുഖത്ത് പതിച്ചതും എന്‍റെ ഉള്ളില്‍ നിന്നും എന്തോ ഒന്ന് കാല്‍പാദത്തിലൂടെ ചോര്‍ന്ന്‍ മണ്ണിലേക്ക് ഒളിച്ചിറങ്ങി പോകുന്നതായി എനിക്ക് തോന്നി... അതോടെ കൈകള്‍ രണ്ടും തളര്‍ന്ന്‍ ശരീരത്തോട് ചേര്‍ന്നു... അടുത്ത നിമിഷം ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാനാ നനഞ്ഞ മണ്ണില്‍ മുട്ടുകുത്തി... പിന്നീടുള്ള ഓരോ നിമിഷവും കണ്ണുകളിലേക്ക് ഇരുട്ട് കയറുകയായിരുന്നു...

ജനിച്ച നാളില്‍ ഞാനറിഞ്ഞ ആ ഒരു കുഞ്ഞു തലോടലിനെ ഓര്‍മ്മപ്പെടുത്തും വിധം ആരുടെയോ ഒരു തലോടല്‍ ഞാനാ നിമിഷം വീണ്ടും അറിഞ്ഞു... തലോടുന്ന ആ കൈകള്‍ ആരുടെതെന്നറിയാന്‍ ഇരുള്‍ മൂടിയ കണ്ണുകള്‍ എന്നെ അപ്പോള്‍ അനുവദിച്ചില്ല!... അത് എന്‍റെ അമ്മതന്നെയായിരിക്കും എന്ന്‍ ഞാന്‍ ഊഹിച്ചു... വയ്യ! ഒന്ന് കിടക്കണം എന്ന തോന്നലില്‍ ഞാന്‍ മെല്ലെ പുറകിലേക്ക് ചരിഞ്ഞു... തല മണ്ണില്‍ പതിഞ്ഞ നിമിഷം വലിയ ആശ്വാസം... ആ കിടപ്പില്‍ ആകാശം പോലെ വിശാലമായ ഒരു വെള്ളിത്തിരയില്‍ ഇന്നലെവരെ കണ്ടുമുട്ടിയ ഓരോ മുഖങ്ങളും സംഭവങ്ങളും അതിവേഗത്തില്‍ മിന്നിമറഞ്ഞു... ഞാന്‍ സഞ്ചരിച്ച പാതകളിലൂടെ ക്ഷണനേരം കൊണ്ടൊരു പോയി വരവ്... വേദനിപ്പിച്ചവരേയും, സന്തോഷിപ്പിച്ചവരേയും, എല്ലാവരേയും ഒരിക്കല്‍ക്കൂടി കണ്ടു... അതിന്‍റെ അവസാന ഭാഗത്തില്‍ റോഡരികില്‍ ഒരു മരത്തിന്‍റെ ചാരെ ഏകനായി കിടക്കുന്ന എന്നെയും ഞാന്‍ കണ്ടു.... ആ നിമിഷം സങ്കടം കൊണ്ടാണോ എന്തോ എന്‍റെ മുഖത്ത് വിരിഞ്ഞ ഒരു ചെറു പുഞ്ചിരില്‍ എല്ലാം നിശ്ചലം...  ഒരുനാള്‍ അപ്രതീക്ഷിതമായി വരും എന്ന് പ്രതീക്ഷിച്ചയാളുടെ വരവായിരുന്നു അത്... അതെ അതെന്‍റെ മരണമായിരുന്നു... എന്‍റെ ജീവിതയാത്രയുടെ പര്യവസാനം...”

Monday, May 2, 2016

40. രണ്ടാമൂഴത്തിലൂടെ...










പഠിക്കാന്‍ മടിയുള്ള ഒരാള്‍ക്ക് പുസ്തകങ്ങളോട് തോന്നുന്ന ഒരു വെറുപ്പ് അല്ലെങ്കില്‍ ആ ഒരു അലര്‍ജി അതെനിക്കും ഉണ്ടായിരുന്നു... അതങ്ങനെ ഒരു വിദ്യാര്‍ഥിയായിരുന്ന കാലമത്രയും... പഠിക്കാനുള്ള പുസ്തകങ്ങള്‍ വായിച്ചു തുടങ്ങുമ്പോഴേ ഉറക്കം വരുമായിരുന്നു... അത് പിന്നെ പുസ്തകം കാണുമ്പഴേ ഉറക്കം വരുന്നൊരു അവസ്ഥയിലെക്കെത്തി... തുറന്ന പുസ്തകവുമായി ഇരുന്നും കിടന്നും ഉറങ്ങുന്ന എന്നെ അമ്മ ഒരുപാട് തവണ കണ്ടുകാണും... പഠിക്കാനിരിക്കുന്ന മകനെ അത്താഴം കഴിക്കാന്‍ വിളിക്കാനുള്ള വരവിലാകും മിക്കവാറും ആ കാഴ്ച്ച!

അടുത്ത കൂട്ടുകാരും മോശമായിരുന്നില്ല... പഠിക്കുന്നുണ്ടെന്ന് ഉമ്മയെ വിശ്വസിപ്പിക്കാനെന്നോണം പുസ്തകം തുറന്നുവച്ച് ഉച്ചത്തില്‍ “ദിസ്‌ പാര്‍ട്ട്‌ ഓഫ് ദ ഫീച്ചര്‍ ഫിലിം വാസ് സ്പോണ്‍സെര്‍ട് ബൈ...” എന്നെക്കെ വെറുതെ വായിച്ചിരുന്ന ഒരു കൂട്ടുകാരന്‍ എനിക്ക് ഉണ്ടായിരുന്നു... അവന്‍റെ ഉമ്മ പ്രോഗ്രസ് റിപ്പോര്‍ട്ട്‌ സൈന്‍ ചെയ്യാന്‍ സ്കൂളില്‍ വരുമ്പോ ഇംഗ്ലീഷ് ടീച്ചറോട് പറയുന്നത് കേട്ടിട്ടുണ്ട് “മാര്‍ക്ക്‌ കുറഞ്ഞത് എന്താനറിയില്ല ടീച്ചറെ, വീട്ടിലിരുന്ന് നല്ലോണം വായിക്കുന്നത് കേള്‍ക്കാറുണ്ട്!” എന്നൊക്കെ... ഒരു പ്രായത്തിന്‍റെ വികൃതികള്‍ കൂടിയായിരുന്നു അതെല്ലാം... ഇന്ന് ഓര്‍ത്തെടുത്താല്‍ ചിരിക്കാവുന്ന നല്ല ഓര്‍മകളും...

സത്യത്തില്‍ അന്നൊന്നും പഠിക്കുന്നത് ഒരു ആവശ്യമായിട്ടെ തോന്നിയിരുന്നില്ല... പഠിക്കുന്ന വിഷയങ്ങള്‍ പ്രത്യേകിച്ചും... അപ്പോപിന്നെ ആ പുസ്തകങ്ങളോട് എന്തുമാത്രം പ്രിയമുണ്ടാകും എന്ന് ഊഹിക്കാലോ... “ഇങ്ങനെ ഈ പഠിക്കുന്നതു കൊണ്ടൊക്കെ വല്ല കാര്യണ്ടോ? ഇതൊക്കെ അറിഞ്ഞിരുന്നിട്ട് എന്താ ഗുണം? സൈന്‍ തീറ്റ കോസ് തീറ്റ ഹോ! ഇത് വല്ലതും എന്നെങ്കിലും ഉപകാരപ്പെടോ?”... എന്നൊക്കെയുള്ള ചിന്തകള്‍ പഠിക്കാനുള്ള മടികൂട്ടിയിരുന്നു... എന്നിരുന്നാലും അത്യാവശ്യം എന്ന് തോന്നിയിരുന്നത് കുറച്ചോക്കെ ശ്രദ്ധിച്ചിട്ടുണ്ടാവണം അതുകൊണ്ട് മാത്രമാകും എങ്ങിനെയോ ആ കടബകള്‍ കടന്നു പോന്നത്... അങ്ങനെ ആ വഴിക്കെങ്ങാനും പുസ്തകങ്ങളോട് ഒരു ചെറിയ അടുപ്പം ഉണ്ടായിട്ടുണ്ടെങ്കിലെ ഉള്ളൂ... കാലങ്ങലായിട്ട്...

ഒരു മാറ്റം വരാന്‍ അധിക സമയമൊന്നും വേണ്ടല്ലോ... അടുത്തിടെ ഒരു ചികിത്സയുടെ ഭാഗമായി ഹോസ്പിറ്റലില്‍ കിടക്കുമ്പോ ഡോക്ടര്‍ടെ ശാസനകൊണ്ട് മാത്രം കുറച്ചു ദിവസത്തേക്ക് ഫോണ്‍ ഉപയോഗം നിര്‍ത്തിയത്തോടെ വാട്സപ്പിന്നും ഫേസ്‌ബുക്കിന്നും പുറത്തേക്കിറങ്ങി... അപ്പോപിന്നെ ഒന്നും ചെയ്യാനില്ലാതെ മുകളിലേക്കും നോക്കിയുള്ള ആ കിടപ്പില്‍ നേരംപോകാന്‍ നന്നേ പാടായിരുന്നു... ആ ഒരു പരാതിയില്‍, അതിനൊരു പോംവഴിയായിട്ടാണ് കസിന്‍ ബ്രോ അന്നെന്നെ കാണാന്‍ വന്നത്... സത്യത്തില്‍ അന്ന് എനിക്ക് നേരെ നീട്ടിയ ഒരു പുസ്തകത്തിലൂടെ ആളെന്നെ പുസ്തകങ്ങളുടെ ലോകത്തേക്ക് പറഞ്ഞു വിടുകയായിരുന്നു...

എംടിയുടെ “രണ്ടാമൂഴം” അതാണ്‌ അന്നെന്റെ കയ്യില്‍ വന്ന പുസ്തകം... ആദ്യ കാഴ്ച്ചയില്‍ ഓറഞ്ച് നിറത്തിനിടയില്‍ ആരുടെതെന്ന് വ്യക്തമാകാത്ത രീതിയിലുള്ള ഒരു രേഖാ ചിത്രത്തോടെ ഒരു പുസ്തകം... “എന്താകും ഈ പുസ്തകത്തിന് പറയാനുണ്ടാവുക?” എന്നൊരു ചിന്ത എന്നിലൂടെ ആ ഒരു നിമിഷം  കടന്നുപോയി... തുറന്ന്‍ ആദ്യ പേജിലെ വിവരണങ്ങള്‍ക്കിടയില്‍ ഞാന്‍ ശ്രദ്ധിച്ചു “ഇത് ഞാന്‍ ജനിച്ച അതേ വര്‍ഷം പ്രസിദ്ധീകരിച്ച പുസ്തകമാണ്”... എന്റെ പ്രായമുള്ള നോവല്‍... ആ കിടപ്പില്‍ കിടന്ന് ഞാനത് പതിയെ വായിച്ചു തുടങ്ങി... ““കടലിന് കറുപ്പ് നിറമായിരുന്നു...””

ഏറിവന്നിരുന്ന ആവേശത്തോടെയും ആകാംഷയോടെയും ദിവസങ്ങള്‍കൊണ്ട് ഞാനത് പൂര്‍ണമായും വായിച്ചു തീര്‍ത്തു... ആദ്യമായിട്ടായിരുന്നു ഒരു പുസ്തകം മുഴുവനായും വായിച്ച് അവസാനിപ്പിച്ചത്... അതില്‍ പറഞ്ഞ സംഭവങ്ങളെല്ലാം നേരില്‍കണ്ടറിഞ്ഞ ഒരാളുടെ മനസ്സികാവസ്ഥയിലായിരുന്നു ഞാനപ്പോള്‍... അതിലെ ഓരോ വരികളിലൂടെ അറിഞ്ഞ കഥാപാത്രങ്ങളോട് തോന്നിയ അടുപ്പവും ഇഷ്ട്ടവും കൊണ്ടാവാം എല്ലാം കഴിഞ്ഞും അതി ശക്തനായ ഭീമസേനന്‍ പിന്നെയും കുറച്ചുനാള്‍ എന്‍റെ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നു... അതേ രൂപത്തില്‍... അതേ ഭാവങ്ങളില്‍...

അവിടുന്നങ്ങനെ ആ ഒരു പുതിയ ശീലത്തിന്‍റെ ഭാഗമായി പുസ്തകങ്ങളെ അറിയുന്നവരോടും, അതിനെ സ്നേഹിക്കുന്നവരോടും ഞാന്‍ അറിയാതെ അടുത്തു... അവരിലൂടെ നല്ല നല്ല പുസ്തകങ്ങളെ അറിഞ്ഞു... ഒരിക്കലെങ്കിലും ഒന്ന് വായിച്ചിരിക്കെണ്ടുന്നവ... കേട്ടറിഞ്ഞ ആ പുസ്തകങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി... അതില്‍ പലതും സ്വന്തമാക്കി... ഓരോന്നും വായിച്ചുള്ള അഭിപ്രായങ്ങള്‍ അവരോടെല്ലാം പങ്കുവച്ചു... അവിടെയാണ് പുസ്തകങ്ങളെ സ്നേഹിക്കുന്നവര്‍ എനിക്കുചുറ്റും ഒരുപാട് ഉണ്ടെന്നറിഞ്ഞത്... അവരോടൊക്കെ എനിക്ക് സംസാരിക്കാന്‍ ഒരു നല്ല വിഷയമാവുകയായിരുന്നു “പുസ്തകങ്ങള്‍”...

വളരെ യാദ്രിശ്ചികമായാണ് പുസ്തകങ്ങളുടെ ലോകത്തേക്ക് കടന്നു വന്നതെങ്കിലും ഇന്ന് അതിനോട് ഒരു ഇഷ്ട്ടമുണ്ട്... രണ്ടാമൂഴത്തിലൂടെ തുടങ്ങിയ ആ ഇഷ്ട്ടം പിന്നെ കെ ആര്‍ മീരയുടെ “കഥകള്‍”... ബെന്യാമിന്‍ന്‍റെ “ആടുജീവിതം”... ഒ വി വിജയന്‍റെ “ഖസാക്കിന്‍റെ ഇതിഹാസം”... ബെന്യാമിന്‍ന്‍റെ “മഞ്ഞവെയില്‍ മരണങ്ങള്‍”... എം മുകുന്ദന്‍റെ “മയ്യഴിപ്പുഴയുടെ തീരങ്ങളില്‍”... കെ ആര്‍ മീരയുടെ “ആ മരത്തെയും മറന്നു മറന്നു ഞാന്‍”... അങ്ങനെ അങ്ങനെ നീളുന്ന നല്ല നല്ല പുസ്തകങ്ങളിലൂടെ വളര്‍ന്നു...

ഓരോ പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോഴും മറ്റൊരു ലോകത്ത് അതുവരെ കാണാത്ത കാഴച്ചകളിലൂടെയുള്ള ഒരു യാത്രയാണ്... അവിടെ ആ എഴുത്തുകാരെയും, മനസ്സിനെ തൊട്ടുണര്‍ത്തുന്ന അവരുടെ ശൈലികളെയും തിരിച്ചറിയാനാവുന്നു... അതുകൊണ്ടാകാം അവരുടെ വേറെ പുസ്തകങ്ങള്‍ ഏതെന്നു കണ്ണുകള്‍ വീണ്ടും വീണ്ടും തിരയുന്നത്...

“പുസ്തകങ്ങളോടൊപ്പം എന്നും ഒരിത്തിരി നേരം” എന്നത് ഇന്നൊരു ശീലമായിരിക്കുന്നു... അവിടെ എന്നിലെ ഒരു വലിയ മാറ്റം ഞാന്‍ തിരിച്ചറിയുന്നു... “മലയാള ഭാഷയുടെ സുന്ദരമായ വാക്കുകളും വരികളും നിറഞ്ഞ ഈ ലോകത്തേക്ക് കടന്നുവരാന്‍ നീയെന്തേ ഇത്ര വൈകി?” എന്നാരോ ഇന്നെന്നോട് ചോദിക്കുന്നുണ്ട്... അത് ചിലപ്പോ എന്നെ നന്നായി അറിയാവുന്ന എന്നോട് ഞാന്‍ തന്നെയാകാം...